കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രത്തിന്റെ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി;ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതിന് തെളിവ്

single-img
17 November 2016

pinarayiകേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ മേഖലയ്ക്ക് എതിരെയുളള ശുപാര്‍ശകളാണ് കേന്ദ്രത്തിലെത്തുന്നത്. ഇതിനെ എതിര്‍ത്ത് സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. കക്ഷി വ്യത്യാസമില്ലാതെ സഹകാരികളൊക്കെ മുന്‍പ് ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ ഒന്നിച്ചു നിന്നിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നോട്ട് പിൻവലിക്കൽ നടപടിയുടെ മറവിൽ സഹകരണ മേഖലയെ ശ്വാസംമുട്ടിക്കുകയാണ്. കേന്ദ്ര ധനകാര്യമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചപ്പോൾ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ റിസർവ് ബാങ്ക് പിന്നീട് പുറത്തിറക്കിയ മാർഗരേഖയിൽ സഹകരണ ബാങ്കുകൾക്ക് പണം മാറ്റിനൽകാൻ അനുമതി നൽകിയില്ല. ഇതിന്റെ പിന്നിൽ വ്യക്‌തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന ബിജെപി നേതാക്കളുടെ അഭിപ്രായം ശുദ്ധഅസംബന്ധമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നാട്ടിൽ സഹകരണ മേഖലയിലെ സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം സ്‌ഥാപനങ്ങളെ തെറ്റായി ചിത്രീകരിക്കാൻ പാടില്ല. കള്ളപ്പണം ഉണ്ടെങ്കിൽ നിയമപരമായ പരിശോധനകൾ നടത്തി അവ കണ്ടെത്തണം. അതിന് ആരും തടസമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ തൊഴിലാളികള്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. തോട്ടം തൊഴിലാളികള്‍ക്ക് കൂലിയായി കൊടുക്കേണ്ട തുക തോട്ടം ഉടമകള്‍ ജില്ലാ കളക്ടറെ ഏല്‍പ്പിക്കുകയും, കളക്ടര്‍ വഴി കൂലി വിതരണം ചെയ്യാനുളള സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലം പരിഗണിച്ച് ശബരിമല റൂട്ടിലുളള എടിഎമ്മുകളില്‍ തുടര്‍ച്ചയായി പണം നിറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു