മനുഷ്യത്വത്തിന് വില കൊടുക്കുന്ന മനുഷ്യരും നമ്മുടെ ഇടയിലുണ്ട്; സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് ഗായിക ചിന്മയിക്ക് ചായകുടിക്കാന്‍ പൈസ കൊടുത്തത് എടിഎം സെക്യൂരിറ്റിക്കാരന്‍

single-img
17 November 2016

playback-singer-chinmayi-latest-cute-stills
ചെന്നൈ: നോട്ട് അസാധുവാക്കാനുള്ള തീരുമാനം പൊതു ജനങ്ങളെ നന്നായി വലച്ചിരുന്നു. എന്നാല്‍ വിദേശത്തു നിന്നും നാട്ടിലെത്തിയ ഗായിക ചിന്മയിക്ക് ചായ കുടിക്കാന്‍ പോലും പൈസയില്ലാത്ത അവസ്ഥയാണ് നേരിടേണ്ടി വന്നത്.

പണമില്ലാതെ വലഞ്ഞ ഗായികയ്ക്ക് സഹായവുമായെത്തിയത് എടിഎം സെക്യൂരിറ്റിക്കാരന്‍. ചിന്മയി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് എടിഎം സെക്യൂരിറ്റി ജീവനക്കാരന്റെ നല്ല മനസ്സിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.

ചിന്മയിയും ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രനും അമേരിക്കയിലായിരുന്നു. നോട്ടുകള്‍ അസാധുവാക്കിയെന്നുള്ള തീരുമാനം നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ പണം പിന്‍വലിക്കാനായി എടിഎമ്മിലെത്തിയപ്പോഴാണ് അറിഞ്ഞത്. എടിഎമ്മിലെ പണം മുഴുവന്‍ കാലിയായിരുന്നു. പത്ത് മണിയോടെ തന്നെ എടിഎമ്മില്‍ പണം നിറച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് തന്നെ പണം മുഴുവന്‍ കാലിയായെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചത്.

തങ്ങള്‍ ഒരു ചായ പോലും കുടിച്ചിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ തന്റെ കീശയില്‍ നിന്നും 20 രൂപ ചിന്മയിക്കും ഭര്‍ത്താവിനും നല്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുമ്പോഴും നല്ല മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടല്ലോയെന്നും ചിന്മയി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് ചിന്മയി. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിലൂടെയാണ് ചിന്മയി പ്രശസ്തയാകുന്നത്. ആറു ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ഇതിനോടകം തന്നെ ചിന്മയി ആലപിച്ചു കഴിഞ്ഞു.