നോട്ട് അസാധുവാക്കല്‍ ദുരന്തത്തിലെ മരണസംഖ്യ കൂടുന്നു; തുടര്‍ച്ചയായി മൂന്ന് ദിവസം ജോലിയെടുത്ത ബാങ്ക് മാനേജര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

single-img
17 November 2016

 

bank-q
ഹരിയാന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്ന് ദിവസത്തോളം ബാങ്കില്‍ ജോലി ചെയ്ത മാനേജര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഹരിയാനയിലെ റോത്തക്കിലെ കോര്‍പ്പറേറ്റീവ് ബാങ്ക് മാനേജരായ രാജേഷ് കുമാറാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ബാങ്കിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്വന്തം കാബിനിനുള്ളില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ ഓഫീസ് മുറിയുടെ വാതില്‍ മുട്ടിനോക്കിയെങ്കിലും അനക്കമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റു ജീവനക്കാരെ വിവരം അറിയിച്ചു. ഇവര്‍ പോലീസിനെ അറിയിക്കുകയും വാതില്‍ പൊളിച്ച് അകത്തുകടക്കുകയുമായിരന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പതിനായിരക്കണക്കിന് ആളുകളാണ് നിത്യേനെ ബാങ്കില്‍ എത്തിയിരുന്നത്. ജനത്തിരക്ക് കാരണം ബാങ്കുകള്‍ പതിവിലും നേരത്തെ തുറക്കുകയും രാത്രി വൈകുന്നതുവരെ പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയായിരുന്നു. ജോലി ഭാരം കാരണം കുമാര്‍ മൂന്ന് ദിവസമായി ബാങ്കില്‍ തന്നെയാണ് ഉറങ്ങിയിരുന്നത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ശിവാജി കോളനി പോലീസ് കേസെടുത്തു.