ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് ക്ഷാമം പരിഹരിക്കുമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം; പിന്‍വലിച്ചതിന് പകരം പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഏഴ് മാസം വേണം

single-img
17 November 2016

 

currency

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ജനങ്ങള്‍ കുറച്ചു ദിവസത്തേക്ക് ബുദ്ധിമുട്ടേണ്ടി വന്നാലും കള്ളപ്പണവും കള്ളനോട്ടും തടയാമെന്നാണ് മോഡി സര്‍ക്കാര്‍ നല്‍കുന്ന വാദ്ഗാനം.

ഏതാനും നാളുകള്‍ക്കുള്ളില്‍ നോട്ടു പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും മോഡി സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ ഏഴ് മാസമെങ്കിലും കഴിയാതെ രാജ്യത്ത് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1978ലും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ രാജ്യത്ത് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അന്നത്തെ സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. അന്ന് ഉയര്‍ന്ന മൂല്യമുള്ള വളരെ തുച്ഛമായ നോട്ടുകള്‍ മാത്രമായിരുന്നു വിപണിയിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് വിപണിയിലുള്ള പണത്തിന്റെ 86 ശതമാനവും ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകളായാണ്.

നിലവില്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ക്ക് പകരമായി 1570 കോടി നൂറ് രൂപ നോട്ടുകളും 630 കോടി മറ്റ് നോട്ടുകളുമാണ് എത്തേണ്ടത്. അതായത് 2100 കോടിയിലേറെ നോട്ടുകളാണ് പുതിയതായി വിപണിയിലെത്തേണ്ടത്. എന്നാല്‍ മാത്രമേ നിലവിലെ നോട്ട് പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് സാധിക്കൂ. അതേസമയം രാജ്യത്തെ നോട്ട് പ്രിന്റിംഗ് ശേഷി മാസത്തില്‍ 300 കോടി മാത്രമാണ്. അപ്പോള്‍ 2100 കോടിയിലേറെ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഏഴ് മാസത്തിലേറെ സമയം ആവശ്യമായി വരുന്നു. അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ 2000 നോട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കള്ളനോട്ടും കള്ളപ്പണവും തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ എന്തിന് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കിയെന്നത് ആദ്യം മുതലേ സംശയത്തിന് ഇടയാക്കിയിരുന്നു. പ്രിന്റ് ചെയ്യുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കുറച്ച് മാത്രം പ്രിന്റ് ചെയ്യുകയും കൂടുതല്‍ മൂല്യമുള്ള രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഇവിടെ കൂടുതല്‍ പ്രിന്റ് ചെയ്യുകയും ചെയ്താല്‍ ഈ സാമ്പത്തിക പ്രതിസന്ധി ഏഴ് മാസം കൊണ്ടു പോലും തീരില്ല.

രണ്ടായിരം രൂപയ്ക്ക് ആവശ്യമായ ചില്ലറ തുക നല്‍കാന്‍ വിപണിയില്‍ ഇല്ലാതെ പോകുന്നതും വിപണിയെ ശക്തമായി ബാധിക്കും. ഇപ്പോള്‍ തന്നെ പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ സര്‍ക്കാര്‍ 5-6 മാസം എടുത്തു കഴിഞ്ഞു. എന്നിട്ടും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ ഇനി നൂറിന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ ഇതിന്റെ അഞ്ചിരട്ടി സമയം ആവശ്യമായി വരും. കഴിഞ്ഞ ദിവസം മുന്‍ധനകാര്യമന്ത്രി പി ചിദംബരം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ കണക്കുകള്‍ വിശദീകരിച്ചിരുന്നു.