പ്രശസ്ത ടെലിവിഷന്‍-നാടക നടന്‍ മുകേഷ് റാവല്‍ ട്രെയിന്‍ തട്ടി മരിച്ചു; മരിച്ചത് രാമായണത്തിലെ വിഭീഷണന്‍

single-img
17 November 2016

 

mukesh-rawal-759

മുംബൈ: പ്രശസ്ത ടെലിവിഷന്‍-നാടക നടന്‍ മുകേഷ് റാവലിനെ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ കാണ്‍ഡിവാലി സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കിലാണ് മുകേഷ് റാവലിനെ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 66 വയസ്സായിരുന്നു.

രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ വിഭീഷണന്റെ വേഷം അവതരിപ്പിച്ചതിലൂടെയാണ് മുകേഷ് റാവല്‍ പ്രശസ്തനായത്. ഗുജറാത്ത് നാടകവേദിയിലും റാവല്‍ സജീവമായിരുന്നു. റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് കരുതുന്നതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

പടിഞ്ഞാറന്‍ കാണ്‍ഡിവാലിയിലാണ് റാവല്‍ താമസിച്ചിരുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. റാവലിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് റെയില്‍വേ പൊലീസ് ട്രാക്കില്‍ മൃതദേഹം കണ്ടതായി അറിയിക്കുന്നത്. റാവലിന്റെ വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രിയോടെ സംസ്‌കാരം നടത്തി.