ലാഭക്കൊതിയില്‍ മുങ്ങി കല്ലമ്പലം യുപി സ്‌കൂള്‍; സ്‌കൂള്‍ മാനേജര്‍ ക്ലാസ് മുറികളും കഞ്ഞിപ്പുരയും അടച്ചുപൂട്ടി

single-img
17 November 2016

 

kallambalam-up
കല്ലമ്പലം: ലാഭകരമല്ലാത്ത സ്‌കൂള്‍ നടത്തി കൊണ്ടു പോകാന്‍ കഴിയില്ലെന്നു പറഞ്ഞു സ്‌കൂള്‍ മാനേജര്‍ ക്ലാസ് മുറികളും ഉച്ചഭക്ഷണം തയ്യാറാക്കുന്ന മുറിയും താഴിട്ടുപൂട്ടി. കല്ലമ്പലം മരുതിക്കുന്ന് ഭാസുരവിലാസം യുപി സ്‌കൂളിന്റെ മൂന്നു ക്ലാസ് മുറികളും കഞ്ഞിപ്പുരയുമാണു മാനേജര്‍ പൂട്ടിയത്.

സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു മാനേജര്‍ കഴിഞ്ഞ മെയ് മാസം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷയ്ക്കു മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ മാനേജര്‍ സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജരെ ഉപരോധിച്ചത് സംഘഷാവസ്ഥ സൃഷ്ടിച്ചു.

സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മുറികള്‍ പ്രത്യേക താഴിട്ടുപൂട്ടിയതായി കണ്ടത്. പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തെ ലാഭക്കൊതിയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. സ്‌കൂളിലെ പാചകപ്പുര അടക്കമുള്ള മുറികള്‍ മാനേജര്‍ താഴിട്ടു പൂട്ടിയതോടെ 85 ഓളം വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം മുടങ്ങി.

മാനേജര്‍ ക്ലാസ് മുറികള്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് കുട്ടികളും അധ്യാപകരും സ്‌കൂള്‍ മുറ്റത്ത് ഇരിക്കുന്നു

മാനേജര്‍ ക്ലാസ് മുറികള്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് കുട്ടികളും അധ്യാപകരും സ്‌കൂള്‍ മുറ്റത്ത് ഇരിക്കുന്നു

തുടര്‍ന്ന് ഇവര്‍ പിടിഎ പ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂളിലെത്തിയ ഇവര്‍ പൂട്ടുതുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ വഴങ്ങിയില്ല. എസ്ഡിപിഐ, സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. എഇഒയുടെ അധ്യക്ഷതയില്‍ പ്രതിഷേധക്കാരും സ്‌കൂള്‍ മാനേജരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാമെന്നും സ്‌കൂള്‍ മുറികളുടെ താക്കോല്‍ ഹെഡ്മിസ്ട്രസിന് നല്‍കാമെന്നുമുള്ള മാനേജരുടെ രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാതെ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് മാനേജര്‍ പല സ്വകാര്യ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇതിനെതിരേ നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണു പുതിയ സംഭവങ്ങള്‍.