അംബാനിക്കും അദാനിക്കും നോട്ടു നിരോധനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നെന്ന് ബിജെപി എംഎല്‍എ ഭവാനി സിങ്

single-img
17 November 2016

 

bhawani-singh-raj

ജയ്പൂര്‍: 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുമെന്നുളള സര്‍ക്കാര്‍ തീരുമാനം വ്യവസായ ഭീമന്‍മാരായ അംബാനിയെയും അദാനിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് രാജസ്ഥാനിലെ ലാഡ്പുരയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഭവാനി സിങ് രജാവത്.

നേരത്തെ അവര്‍ക്ക് സൂചന കൊടുത്തിരുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചുവെന്നും ഭവാനി സിങ് പറഞ്ഞു. എംഎല്‍എ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഈ വീഡിയോ ചര്‍ച്ചയായതോടെ ചില ജേര്‍ണലിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് ഓഫ് ദ റെക്കോഡായി പറഞ്ഞതാണെന്ന് ഭവാനി സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഈ വീഡിയോയില്‍ പറയുന്നതൊന്നും താന്‍ പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പുതിയ നോട്ടിന്റെ നിലവാരത്തെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. പുതുതായി ഇറക്കിയ നോട്ട് മൂന്നാം തരമാണ്. ഇത് കണ്ടാല്‍ വ്യാജനാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. എടിഎമ്മുകളിലും ബാങ്കുകളിലും നീളുന്ന ക്യൂവിനെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം ആവശ്യത്തിനുള്ള നോട്ട് അച്ചടിച്ചിട്ട് വേണം തീരുമാനം പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്നായിരുന്നു മറുപടി.