മുതലകളെ കൊല്ലാന്‍ കുളം വറ്റിച്ചത് പോലെ: നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ ഉപമിച്ച് യെച്ചൂരി

single-img
16 November 2016

 

sitharam-yechuri

ന്യൂഡല്‍ഹി: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടി മുതലയെ കൊല്ലാന്‍ കുളം വറ്റിച്ചത് പോലെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം കുളം വറ്റിച്ചപ്പോള്‍ കുടുങ്ങിയത് മുതലകളല്ലെന്നും ചെറുമീനുകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ വിമര്‍ശനങ്ങളാണ് യെച്ചൂരി കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇത്തരം നടപടിയിലൂടെ കള്ളപ്പണം ഇല്ലാതാക്കുകയാണോ വന്‍ കള്ളപ്പണക്കാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം കൊടുക്കുകയാണോ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും യെച്ചൂരി ചോദിച്ചു.

നോട്ടുകള്‍ അസാധുവാക്കുന്നതിന് തൊട്ട് മുമ്പ് പശ്ചിമബംഗാളിലെ ബിജെപി നേതൃത്വം ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകളായി ഒരു കോടി രൂപയാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത്. നോട്ട് അസാധുവാക്കിയതിലെ പാളിച്ചകള്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഇടപാടുകളില്‍ 86 ശതമാനവും നോട്ടുകള്‍ ഉപയോഗിച്ച് നടക്കുന്ന ഒരു രാജ്യത്തോടാണ് പേടിഎം പരസ്യത്തിലൂടെ നോട്ടുകളില്ലാത്ത ഇടപാടുകളിലേക്ക് പോകാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നത്. പ്രധാനമന്ത്രി രാജ്യത്തോട് ജയ് ഹിന്ദ് എന്നതിന് പകരം ജിയോ ഹിന്ദ് എന്നാണ് ആഹ്വാനം ചെയ്യുന്നതെന്നും യെച്ചൂരി പരിഹസിച്ചു.

പകരം സംവിധാനം വരുന്നത് വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണം. നോട്ട് നിരോധനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.