സഹകരണ ബാങ്ക് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഒഴിവാക്കി; പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്ത്

single-img
16 November 2016

 

suresh-gopi-jpg-image-470-246
സഹകരണ ബാങ്ക് വിഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ നിന്നും കേരളത്തില്‍ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയെയും റിച്ചാര്‍ഡ് ഹേയെയും ഒഴിവാക്കി. തുടര്‍ന്ന് ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധവുമായി എത്തിയ സുരേഷ് ഗോപിയെ മറ്റുള്ള എം പി മാര്‍ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം തന്നെ വിളിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടുണ്ടാകില്ലെന്നും അതിനാലായിരിക്കും ക്ഷണിക്കാതിരുന്നതെന്നുമാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരമൊരു ചര്‍ച്ച നടക്കുന്ന കാര്യം പോലും താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും സുരേഷ് ഗോപി അറിയിച്ചു.

കൃത്യമായ മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന വാദം സുരേഷ് ഗോപി തള്ളി. ജനത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പണമെല്ലാം എത്തേിടത്ത് എത്തിയേനെ. നോട്ട് മാറുന്നതിന് ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഓരോ ദിവസവും അവലോകനം ചെയ്യുകയാണ്. സത്യസന്ധമായി പണം ശേഖരിച്ചവര്‍ക്ക് ചിലപ്പോള്‍ സമയം നീട്ടിനല്‍കിയേക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം പ്രായമായവരും സ്ത്രീകളും ഏറെ നേരം ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടുന്നുണ്ടെന്ന് സമ്മതിച്ച സുരേഷ് ഗോപി അവര്‍ക്ക് കൂടുതല്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് ആഗ്രഹമെന്നും പ്രതികരിച്ചു.