സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം: അശാസ്ത്രീയമായി നടപ്പാക്കിയതിലൂടെ രാജ്യത്ത് ഇതുവരെ മരിച്ചത് 33 പേര്‍

single-img
16 November 2016

 

atm-line

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ എന്ന പേരില്‍ രാജ്യത്തെ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഒരാഴ്ച പിന്നിടുമ്പോള്‍ നേരിട്ടോ അല്ലാതെയോ ഈ നീക്കം മൂലം മരിച്ചവരുടെ എണ്ണം 33 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്.

നോട്ട് ഇല്ലാത്തത് മൂലം ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ച രോഗികളുടെ വാര്‍ത്തകള്‍ രാജ്യത്തെ ഞെട്ടിച്ചപ്പോള്‍ മണിക്കൂറുകളോളം വലിയ ക്യൂവില്‍ നിന്നതിന്റെ ക്ഷീണത്തില്‍ ഏതാനും പേര്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ നോട്ട് അസാധുവാക്കല്‍ ഒരാളുടെ കൊലപാതകത്തിനും ഒരാളുടെ ആത്മഹത്യയ്ക്കും വഴിവച്ചു. തങ്ങളുടെ ദൈനംദിന ചെലവുകള്‍ നേരിടുന്നതിനായി ജനങ്ങള്‍ വലയുമ്പോള്‍ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മരണങ്ങള്‍ താഴെ പറയുന്നു.

1. പുതിയ നോട്ടുകളുടെ ദൗര്‍ലഭ്യം മൂലം മകളുടെ വിവാഹത്തിന് വേണ്ട പലചരക്ക് സാധനങ്ങള്‍ എടുക്കാനാകാതതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് പഞ്ചാബിലെ തരണ്‍ താരനില്‍ സുഖ്‌ദേവ് സിംഗ് എന്നയാള്‍ ഹൃദയാഘാതം വന്ന് മരിച്ചു.

2. ചെറിയ മൂല്യമുള്ള നോട്ട് നല്‍കാന്‍ അമ്മ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വരില്‍ ബിഎസ്എഫ് ജവാന്റെ മകനായ 17കാരന്‍ ആത്മഹത്യ ചെയ്തു.

3. ഓട്ടോറിക്ഷ കൂലിയായി ചെറിയ മൂല്യമുള്ള നോട്ട് നല്‍കാനില്ലാത്തതിനാല്‍ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒഡീഷയിലെ സംഭാല്‍പൂരില്‍ രണ്ട് വയസ്സ് പ്രായമുള്ള കുട്ടി മരിച്ചു.

4. തെലങ്കാനയിലെ സെക്കന്ദരാബാദിലെ ഒരു ബാങ്കില്‍ രണ്ട് മണിക്കൂറിലേറെ ക്യൂ നിന്ന് തളര്‍ന്നു വീണ ലക്ഷ്മീനാരായണ എന്ന 75കാരന്‍ മരിച്ചു.

5. ബിഹാറിലെ ഔറംഗാബാദില്‍ ബാങ്ക് ക്യൂവില്‍ കാത്ത് നില്‍ക്കുമ്പോള്‍ സുരേന്ദ്ര ശര്‍മ്മ എന്ന വൃദ്ധന്‍ കുഴഞ്ഞുവീണ് മരിച്ചു.

6. വലിയ നോട്ടുകള്‍ അസാധുവാക്കിയതോടെ വളവും വിത്തും വാങ്ങാന്‍ പണം ഇല്ലാതെ വന്ന മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ നിന്നുള്ള ഹല്‍ക്കെ ലോധി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

7. ബാങ്കിന് മുന്നില്‍ പണത്തിനായി കാത്തുനില്‍ക്കുമ്പോള്‍ ഹൃദയാഘാതം വന്ന് 60കാരനായ അസിസ് അന്‍സാരി എന്ന ഫാക്ടറി തൊഴിലാളി മരിച്ചു.

8. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജലൗനില്‍ മകളുടെ വിവാഹ ചെലവ് നിര്‍വഹിക്കാനായി പണമെടുക്കാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന രഘുനാഥ് വര്‍മ്മ എന്ന റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു.

9. ബുലന്ദ്ഷാഹ്‌റിലെ ഒരു ആശുപത്രിയില്‍ മാതാപിതാക്കളുടെ കൈവശം പഴയ നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ചു.

10. മൂന്ന് ദിവസമായിട്ടും പഴയ നോട്ട് മാറിയെടുക്കാന്‍ കഴിയാത്തതിലെ മാനസിക സമ്മര്‍ദ്ദം മൂലം വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ റിസ്വാന എന്ന 24കാരി തൂങ്ങിമരിച്ചു.

Long queue at banks

11. കുടുംബ ആവശ്യത്തിനുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൂററ്റിലെ 50കാരിയായ ഒരു സ്ത്രീ ആത്മഹത്യ ചെയ്തു.

12. പഴയ നോട്ട് മാറ്റിവാങ്ങാനാകാതെ സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷംലിയില്‍ ശബാന എന്ന 20കാരി ആത്മഹത്യ ചെയ്തു.

13. ബാങ്കില്‍ നിന്നും മാറ്റിവാങ്ങാന്‍ കൊണ്ടു പോയ 15000 രൂപ നഷ്ടപ്പെടുകയോ മോഷ്ടക്കപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിക്ബല്ലാപൂരില്‍ ഒരു മധ്യവയസ്‌ക ആത്മഹത്യ ചെയ്തു.

14. ഛത്തീസ്ഗഡിലെ റായിഗറിലെ ഒരു കര്‍ഷകന്‍ മൂവായിരം രൂപ മാറ്റിവാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഈ പണം ഇയാള്‍ തമിഴ്‌നാട്ടില്‍ പഠിക്കുന്ന മക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ വച്ചിരുന്നതാണ്.

15. ഗുജറാത്തിലെ ലിംബ്ദിയിലെ ഒരു ബാങ്കില്‍ പഴയ നോട്ട് മാറി പുതിയ നോട്ട് വാങ്ങാനെത്തിയ 69-കാരന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണ് മരിച്ചു.

16. കാന്‍പൂരില്‍ തന്റെ കൈവശമുള്ള പഴയ നോട്ടുകള്‍ എണ്ണി നോക്കിയ വൃദ്ധ ഹൃദയാഘാതം വന്ന് മരിച്ചു.

17. കാന്‍പൂരില്‍ തന്റെ ഭൂമി വില്‍ക്കാന്‍ 70 ലക്ഷം രൂപ മുന്‍കൂര്‍ ആയി വാങ്ങിയിരുന്ന ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപന പ്രസംഗം കേട്ട് ഹൃദയാഘാതം വന്ന് മരിച്ചു.

18. മുംബൈയില്‍ അസാധുവാക്കിയ വലിയ തുകയുടെ നോട്ടുകള്‍ മാത്രം മാതാപിതാക്കളുടെ കൈവശമുണ്ടായിരുന്നതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ച നവജാത ശിശു മരിച്ചു.

19. വിശാഖപട്ടണത്തെ ഒരു ആശുപത്രിയില്‍ പഴയ നോട്ടുകള്‍ നിരസിച്ചതിനെ തുടര്‍ന്ന് സമയത്ത് മാതാപിതാക്കള്‍ക്ക് സമയത്ത് മരുന്ന് ലഭ്യമക്കാന്‍ സാധിക്കാത്തതിനാല്‍ 18 മാസം പ്രായമുള്ള കുട്ടി മരിച്ചു.

20. മാതാപിതാക്കളുടെ കൈവശം നൂറ് രൂപ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികിത്സ നിര്‍ത്തി വച്ച പനി ബാധിതനായ ഒരു വയസ്സുകാരന്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മരിച്ചു.

India Currency Overhaul

21. മാതാപിതാക്കള്‍ക്ക് സമയത്ത് നൂറ് രൂപ നോട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിനാല്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ നവജാത ശിശു മരിച്ചു.

22. ആയിരം രൂപയുടെ നോട്ടുകള്‍ ഇനി ബാങ്കുകള്‍ സ്വീകരിക്കില്ലെന്ന് കേട്ട് ഹൃദയാഘാതം വന്ന ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ അലക്കു ജോലി ചെയ്തു ജീവിക്കുന്ന 40കാരി മരിച്ചു.

23. തന്റെ 54 ലക്ഷം രൂപ വരുന്ന ബാങ്ക് നിക്ഷേപം വിലയില്ലാതായി എന്ന് കരുതി തെലങ്കാനയിലെ മഹുബബാദ് ജില്ലയിലുള്ള 55കാരിയായ വീട്ടുവേലക്കാരി ആത്മഹത്യ ചെയ്തു.

24. പശ്ചിമബംഗാളിലെ ഹൗറയില്‍ എടിഎമ്മില്‍ നിന്നും പണം ലഭിക്കാതെ വെറുംകയ്യോടെ മടങ്ങി വന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

25. ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ മകളുടെ ഭാവിവരന്‍ സ്ത്രീധന തുകയായി പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഭയന്ന 45കാരന്‍ ഹൃദയാഘാതം വന്നു മരിച്ചു.

26. ബാങ്ക് അധികൃതര്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുന്നത് വിസമ്മതിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ തലശേരിയില്‍ 45കാരന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടി മരിച്ചു.

27. മുംബൈയില്‍ ബാങ്കില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാനായി ക്യൂ നില്‍ക്കുന്നതിനിടെ 72-കാരന്‍ ഹൃദയാഘാതം വന്ന് മരിച്ചു.

28. ഗുജറാത്തിലെ താരാപുരില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനായി നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നില്‍ക്കുമ്പോള്‍ കര്‍ഷകന്‍ ഹൃദയാഘാതം വന്ന് മരിച്ചു.

29. നോട്ട് മാറുന്നതിനായി ഒരു മണിക്കൂറോളം ബാങ്കില്‍ ക്യൂ നിന്ന 75-കാരന്‍ കേരളത്തിലെ ആലപ്പുഴയില്‍ കുഴഞ്ഞു വീണ് മരിച്ചു.

30. കര്‍ണാടകയിലെ ഉഡുപ്പിയില്‍ തുറക്കാതിരുന്ന ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടെ 96-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

31. മധ്യപ്രദേശിലെ സാഗറില്‍ നോട്ട് മാറാനായി ബാങ്കിന് മുന്നില്‍ ക്യൂ നിന്ന റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു.

32. ഭോപ്പാലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ക്യാഷ്യര്‍ ഹൃദയാഘാതം വന്ന് മരിച്ചു.

33. പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപന പ്രസംഗം കേട്ടതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശിലെ ഫൈസബാദില്‍ ഒരു വ്യാപാരി നെഞ്ചു വേദനയെ തുടര്‍ന്ന് മരിച്ചു.

India Currency Overhaul

ഈ മരണ കണക്കുകള്‍ ഇന്ന് ആരംഭിച്ച പാര്‍ലമെന്റെ ശീതകാല സമ്മേളനത്തില്‍ മോഡി സര്‍ക്കാരിനെതിരായ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. സര്‍ക്കാരിന്റെ പുതിയ തീരുമാനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ വിശദീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പ്രസിഡന്റിനെ കണ്ടിരുന്നു.