ലാല്‍ജിഭായ് പട്ടേല്‍ ആറായിരം കോടി രൂപയുടെ നോട്ടുകള്‍ തിരികെയേല്‍പ്പിച്ചിട്ടില്ല; വാര്‍ത്ത മോഡി ഭക്തരുടെ കുപ്രചരണമെന്ന് രത്‌നവ്യാപാരി

single-img
16 November 2016

 

laljibhia-patel

ന്യൂഡല്‍ഹി: സൂററ്റില്‍ നിന്നുള്ള രത്‌നവ്യാപാരി ലാല്‍ജിഭായ് പട്ടേല്‍ ആറായിരം കോടി രൂപയുടെ അസാധുവായ നോട്ടുകള്‍ സര്‍ക്കാരിന് തിരികെയേല്‍പ്പിച്ചുവെന്ന് അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും മോഡി ഭക്തരുടെയും കുപ്രചരണം മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

പ്രധാനമന്ത്രിയുടെ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കുന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലാല്‍ജിഭായ് പട്ടേല്‍ 6000 കോടി രൂപയുടെ നോട്ടുകള്‍ തിരികെയേല്‍പ്പിച്ചു എന്നാണ് വാര്‍ത്ത പരന്നത്. ട്വീറ്റുകളായും പോസ്റ്റുകളായും ഈ വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് പറന്നു നടന്നപ്പോള്‍ നിരവധി പേര്‍ ഈ ബിസിനസുകാരനെയും മോഡിയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. ദീര്‍ഘവീക്ഷണമില്ലാതെ അപ്രതീക്ഷിതമായി നോട്ട് പിന്‍വലിക്കുകയും അതിലൂടെ ഇന്ത്യന്‍ ജനതയുടെ ഒരു വലിയ ഭൂരിപക്ഷത്തെ ദുരിതത്തിലാക്കുകയും ചെയ്ത മോഡിയ്‌ക്കെതിരായ രൂക്ഷ വിമര്‍ശനങ്ങളെയെല്ലാം സംഘപരിവാറും കൂട്ടരും നേരിട്ടത് ഈ വാര്‍ത്ത ഉപയോഗിച്ചായിരുന്നു. ഏതാനും മാസം മുമ്പ് നരേന്ദ്ര മോഡിയുടെ കോട്ട് 4.3 കോടി രൂപയ്ക്ക് ലേലത്തില്‍ വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ലാല്‍ജിഭായ് പട്ടേല്‍.

ഇദ്ദേഹം തന്നെയാണ് ഈ വാര്‍ത്ത തെറ്റാണെന്ന വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു പ്രാദേശിക ചാനല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഒരു രൂപ പോലും താന്‍ തിരികെയേല്‍പ്പിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ‘ഞാന്‍ ഒരു രത്‌നവ്യാപാരിയാണ്. രത്‌നം കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമാണ് എന്റെ കച്ചവടം. ഇതൊരു പ്രാദേശിക ബിസിനസ് അല്ല.’- ഗുജറാത്തി ഭാഷയിലെ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

നവംബര്‍ എട്ടിന് രാത്രിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കൂടാതെ പഴയ നോട്ടുകള്‍ പുതുക്കി പുതിയ നോട്ടാക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകളിലും മറ്റുമായി കെട്ടുകണക്കിന് നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ്യത്തെ സാഹചര്യം മനസിലാക്കി ലാല്‍ജിഭായ് പട്ടേല്‍ 6000 കോടി രൂപ തിരികെയേല്‍പ്പിച്ചതായി വാര്‍ത്ത വന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തുണയ്ക്കുകയും അവരുടെ നിലപാടുകളെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്ന പോസ്റ്റ്കാര്‍ഡ്.ന്യൂസ്, ബ്രേവ് ഇന്ത്യ ന്യൂസ് എന്നീ ന്യൂസ് സൈറ്റുകള്‍ വഴിയാണ് സംഘപരിവാര്‍ ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്.

സാമ്പത്തിക തുടക്കത്തില്‍ തന്നെ ഈ വാര്‍ത്തയുടെ സാങ്കേതികത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. 6000 കോടി രൂപ തിരികെയേല്‍പ്പിക്കുന്നതിലൂടെ 1800 കോടി രൂപയാണ് നികുതിയായി അടക്കേണ്ടി വരിക. സര്‍ക്കാര്‍ വരുമാനം വെളിപ്പെടുത്താനും നികുതി അടയ്ക്കാനും ഏര്‍പ്പെടുത്തിയിരുന്ന അവസാന തിയതിയും കഴിഞ്ഞ സാഹചര്യത്തില്‍ ഇതിന്റെ ഇരുന്നൂറ് ഇരട്ടി പിഴയും ഈടാക്കേണ്ടി വരും. അങ്ങനെ നോക്കിയാല്‍ ആറായിരം കോടി രൂപ തിരികെ ഏല്‍പ്പിക്കുന്നതിലൂടെ ലാല്‍ജിഭായ് 5400 കോടി രൂപ സര്‍ക്കാരില്‍ അടയ്ക്കണം. ബാക്കി 600 കോടി രൂപ മാത്രമാണ് ഇദ്ദേഹത്തിന് തിരകെ ലഭിക്കൂ. ഈ വിധത്തില്‍ തിരികെ ഏല്‍പ്പിക്കുന്നതിന്റെ പത്ത് ശതമാനം മാത്രം സംരക്ഷിക്കാന്‍ ഒരാള്‍ തയ്യാറാകുമോയെന്നതായിരുന്നു വിദഗ്ധരുടെ ചോദ്യം.