മഷി പുരട്ടേണ്ടത് വലതുകൈയിലെ ചൂണ്ടുവിരലില്‍; നോട്ട് മാറ്റത്തിന് തിരിച്ചറിയല്‍ രേഖയുടെ കോപ്പി ഹാജരാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്

single-img
16 November 2016

 

 

currencyban
മുംബൈ: പഴയ അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ മാറിയെടുക്കാനെത്തുന്നവരുടെ കൈവിരലില്‍ മഷിപുരട്ടുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. വലതുകൈയിലെ ചൂണ്ടുവിരലില്‍ നഖത്തിന് തൊട്ടുമുകളിലാണ് മഷി പുരട്ടേണ്ടത്.

അതേസമയം പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖകളുടെ കോപ്പി സമര്‍പ്പിക്കേണ്ടതില്ലെന്നും ആര്‍ബിഐ അറിയിച്ചു. നോട്ട് മാറാനെത്തുന്നവര്‍ നിയമപ്രകാരമുള്ള തിരിച്ചറിയല്‍ രേഖ കാണിക്കണമെങ്കിലും അതിന്റെ കോപ്പി ആവശ്യപ്പെടാന്‍ പാടില്ലെന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ നിരവധി ബ്രാഞ്ചുകളുള്ള എസ്ബിഐ പോലത്തെ ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖയുടെ കോപ്പി ആവശ്യപ്പെടുന്നില്ല. ഇത് നോട്ട് മാറ്റ പ്രക്രിയ വൈകിപ്പിക്കുമെന്നതിനാലും തിരക്ക് കൂട്ടുമെന്നതിനാലുമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ബാങ്കുകളിലും പോസ്‌റ്റോഫീസുകളിലും നോട്ടുകള്‍ മാറാം എന്നതിനാല്‍ രണ്ടിടങ്ങളിലും നിര്‍ദ്ദേശം ബാധകമാണ്. പണം മാറ്റാനെത്തുന്നവര്‍ ഒരു തവണ മാത്രമാണ് വരുന്നത് എന്നുറപ്പിക്കാനാണ് പുതിയ നടപടി. നോട്ട് മാറ്റിനല്‍കുന്നതിന് മുമ്പ് തന്നെ വിരലില്‍ മഷി പുരട്ടണം. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ മഷി പുരട്ടി നല്‍കാം.

ഇതിനായി എല്ലാ ബാങ്കുകളുടെയും എല്ലാ ബ്രാഞ്ചുകളിലും മഷിയും അത് പുരട്ടാനുള്ള ബ്രഷും നല്‍കും. ആളുകളുടെ വിരലില്‍ പുരട്ടുന്ന മഷി ഉണങ്ങാനുള്ള സമയം നല്‍കണം. ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളിലാണ് മഷിപുരട്ടല്‍ നടപ്പാക്കുന്നത്. ക്രമേണ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഒരേ ആളുകള്‍ പല തവണ നോട്ട് മാറിയെടുക്കുന്നതും നിഷ്‌കളങ്കരായ ആളുകളെ ചില സംഘങ്ങള്‍ നോട്ട് മാറാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്ന് ഇന്നലെ ഇത് പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ശിക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.