എടിഎമ്മുകളില്‍ നിന്നും രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിച്ചു തുടങ്ങി; സംസ്ഥാനത്ത് ആദ്യം ലഭിച്ചത് തിരുവനന്തപുരത്ത്

single-img
15 November 2016

 

new-2000-rupee-note

നോട്ട് നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം എന്ന വിധം സംസ്ഥാനത്തെ എടിഎം കൗണ്ടറുകളില്‍ നിന്നും രണ്ടായിരും രൂപയുടെ നോട്ടുകള്‍ ലഭിച്ചു തുടങ്ങി. എസ്ബിടി തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിന്റെ പരിധിയിലുള്ള നാല് എടിഎം കൗണ്ടറുകളില്‍ നിന്നാണ് രണ്ടായിരം രൂപ നോട്ടുകള്‍ ലഭിച്ചു തുടങ്ങിയത്.

ജില്ലയിലെ എസ്ബിടിയുടെ 65 എടിഎമ്മുകളിലും അധികം വൈകാതെ നോട്ടുകള്‍ ലഭ്യമാകും. ഒരു ദിവസം മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ട പണം നാല് എടിഎമ്മുകളില്‍ നിറച്ചതായി എസ്ബിടി അധികൃതര്‍ അറിയിച്ചു. അഞ്ഞൂറ് രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള നടപടിക്രമം പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ നോട്ട് നിരോധനം വന്ന് ഒരാഴ്ചയായിട്ടും ബാങ്കുകളിലെ തിരക്ക് അല്‍പം പോലും കുറഞ്ഞിട്ടില്ല. 500ന്റെ നോട്ടുകള്‍ ബാങ്കിലെത്താത്തതും ആവശ്യത്തിന് നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ ലഭ്യമാകാത്തതുമാണ് പ്രശ്‌നം ഗുരുതരമാക്കിയത്.