ഖത്തറില്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ ഉയര്‍ന്ന നിരക്കെന്ന് പരാതി; ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ വീട്ടുടമ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

single-img
15 November 2016

 

house-maid-washing-dishes
ദോഹ: രാജ്യത്ത് വീട്ടുജോലിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ തൊഴിലുടമകളും തങ്ങളുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും ബോധവാന്മാരാകണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. വീട്ടുജോലിക്കാരെ നിയമിക്കുന്നതിന്റെ നിരക്കില്‍ വര്‍ധനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഫീസ് നിരക്ക് കുറയ്ക്കുന്നതിനായി മാന്‍പവര്‍ ഏജന്‍സികളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ മാന്‍പവര്‍ ഏജന്‍സീസ് വകുപ്പുമേധാവി ഫരീസ് അല്‍ കാബി പറഞ്ഞു. വീട്ടുജോലിക്കാരുടെ തിരഞ്ഞെടുപ്പുസംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ബിസാര പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്കിടെ നടന്ന തത്സമയ സര്‍വേയില്‍ 90 ശതമാനം പേരും വീട്ടുജോലിക്കാരുടെ തിരഞ്ഞെടുപ്പിനുള്ള ഫീസ് ഉയര്‍ന്നതാണെന്നാണ് അഭിപ്രായപ്പെട്ടത്.

ഓരോ ഖത്തറിവീടുകളിലും കുറഞ്ഞത് മൂന്നു വീട്ടുജോലിക്കാരെങ്കിലുമുണ്ടെന്ന് അല്‍കാബി പറഞ്ഞു. 2004ലെ 14ാം നമ്പര്‍ നിയമത്തിനുകീഴിലാണ് ഇവര്‍ ജോലിചെയ്യുന്നത്. ഖത്തറില്‍ 375 മാന്‍പവര്‍ ഏജന്‍സികളുണ്ട്. ഭൂരിഭാഗം തൊഴിലുടമകളും ഏജന്‍സികളുമായുള്ള കരാര്‍ മുഴുവന്‍ വായിച്ചുനോക്കാതെയാണ് ഒപ്പുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏജന്‍സികളും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ തൊഴിലുടമയുടെ അവകാശങ്ങള്‍, തിരഞ്ഞെടുപ്പിന്റെ കാലാവധി, യോഗ്യതകള്‍, ശമ്പളം, കരാര്‍ലംഘനം എന്നിവ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. ആദ്യ മൂന്നു മാസത്തിനുള്ളില്‍ വീട്ടുജോലിക്കാരെ തൊഴിലുടമ വേണ്ടെന്നുവെച്ചാല്‍ അതുവരെയുള്ള എല്ലാ ചെലവുകളുടെയും തുക ഏജന്‍സിയില്‍നിന്നും തിരികെവാങ്ങാന്‍ കരാര്‍ വ്യവസ്ഥചെയ്യുന്നുണ്ട്. മന്ത്രാലയത്തിനുകീഴിലെ മൂന്നുമാസത്തെ ഗാരന്റി കാലാവധിക്കുശേഷം ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടെയുള്ള മറ്റ് കോമ്പീറ്റന്റ് അതോറിറ്റിക്ക് കേസ് കൈമാറും.

കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ വീട്ടുജോലിക്കാര്‍ പാലിക്കാതിരിക്കുക, സുരക്ഷാപരിശോധനയില്‍ പരാജയം, ജോലി ചെയ്യാന്‍ വിമുഖത കാട്ടുക, ജോലിക്ക് യോഗ്യമല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ആദ്യ മൂന്നുമാസത്തിനുള്ളില്‍ തൊഴിലുടമയ്ക്ക് വീട്ടുജോലിക്കാരെ പിരിച്ചുവിടാം. അതേസമയം, ചില തൊഴിലുടമകള്‍ മൂന്നുമാസത്തിനുള്ളില്‍ വീട്ടുജോലിക്കാരെ തിരികെ ഏജന്‍സിയെ ഏല്‍പ്പിച്ച് മന്ത്രാലയത്തെ അറിയിക്കാതെ പണം തിരികെവാങ്ങുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജോലിക്കാര്‍ക്ക് മറ്റുജോലികള്‍ തേടാന്‍ ഏജന്‍സികള്‍ വഴിയൊരുക്കുന്നു.

വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ വ്യത്യസ്തരാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ ലഭ്യതയനുസരിച്ചാണ് നിരക്ക് ചുമത്തുന്നത്. എന്നാല്‍, അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ നിരക്ക് മികച്ചാണെന്നും അധികൃതര്‍ പറയുന്നു. 8,000 റിയാല്‍ മുതല്‍ 16,000 റിയാല്‍ വരെയാണ് ഫീസ്. ഓരോ രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരക്ക് വ്യത്യാസപ്പെടും. ഒരു വീട്ടുജോലിക്കാരിയുടെ നിയമനത്തിലൂടെ ഏജന്‍സിക്ക് ലഭിക്കുന്ന ലാഭം 20 മുതല്‍ 25 ശതമാനം വരെയാണ്. ഈ ലാഭത്തില്‍നിന്നാണ് അവര്‍ നിരക്കില്‍ ഇളവുവരുത്തുന്നത്.