വയനാടിന്റെ ചടുലതാളവുമായി മറ്റഡോറിയ വരുന്നു; ജില്ലയില്‍ നിന്നുള്ള ആദ്യ മ്യൂസിക്കല്‍ ബാന്റ് തരംഗമാവുന്നു

single-img
15 November 2016

 

metadoria

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നുമുള്ള ആദ്യ മ്യൂസിക്കല്‍ ബാന്റുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ മറ്റഡോറിയ വയനാട് ചുരമിറങ്ങി വരികയാണ്. വയനാട് കല്‍പ്പറ്റയിലെ ആറ് ചുറുചുറുക്കുള്ള പയ്യന്‍മാരാണ് മറ്റഡോറിയ ബാന്റിന് പിന്നില്‍. മറ്റഡോറിയ അണിയിച്ചൊരുക്കിയ വെട്ടം എന്ന ഗാനം യൂട്യൂബില്‍ തരംഗമായി മാറുകയാണ്. കേരളത്തിന് അകത്തും പുറത്തുമായി പഠിക്കുന്നവരാണ് മെറ്റഡോറിയയിലെ അംഗങ്ങളായ അമര്‍നാഥും തന്‍വീറും അശ്വിനും മെല്‍വിനും ഷിനാസും ഷിയാസും. ആറു പേരേയും ഒരുമിച്ച് കൂട്ടിയത് സംഗീതമെന്ന ഒറ്റ വികാരമായിരുന്നു.

വയനാട്ടില്‍ നിന്നുമുള്ള ആദ്യ സമ്പൂര്‍ണ്ണ മ്യൂസിക്കല്‍ ബാന്റായിരിക്കും മറ്റഡോറിയ എന്നാണ് പയ്യന്‍സ് പറയുന്നത്. ഹിറ്റായ പല പാട്ടുകള്‍ക്കും കവര്‍ ചെയ്ത് നേരത്തേ തന്നെ ശ്രദ്ധേയമായ സംഘം ഇതാദ്യമായാണ് സ്വന്തമായി തയ്യാറാക്കിയ ഗാനവുമായെത്തുന്നത്. ചടുലതാളത്തിലൊരുക്കിയ വെട്ടം എന്ന ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ കണ്ടത് നിരവധിപേരാണ്. മറ്റഡോറിയ എന്ന് ബാന്റിന് പേര് നല്‍കുന്നതിന് പിന്നിലും ഇവര്‍ക്കൊരു കഥ പറയാനുണ്ട്.

ആറ് പേരുടെയും ഇഷ്ട വാഹനമാണ് മറ്റഡോര്‍. വീണുകിട്ടുന്ന അവസരങ്ങളിലെല്ലാം യാത്രപോകാനിഷ്ടപ്പെടുന്ന സംഘത്തിന്റെ യാത്രയൊക്കെ മറ്റഡോറിലാണ്. വണ്ടിയോടുള്ള സ്നേഹമാണ് ബാന്റിന് പേര് നല്‍കുമ്പോളും ഇവര്‍ ഓര്‍ത്തത്. അങ്ങനെയാണ് നാട്ടിന്‍ പുറത്ത് പാടി നടന്ന പിള്ളേരുടെ ബാന്റ് മറ്റഡോറിയ ആകുന്നത്. പാട്ടുകളിലെല്ലാം തന്നെ മറ്റഡോറിന്റെ സാന്നിധ്യമുണ്ട്. എല്ലാവരുടെയും പഠനം ജില്ലയ്ക്ക് പുറത്തായതിനാല്‍ വല്ലപ്പോഴും വീണുകിട്ടുന്ന അവധി ദിവസങ്ങളും ഞായറാഴ്ച്ചകളിലുമാണ് പാട്ട് കമ്പോസിംഗും വീഡിയോ പിടുത്തവുമെല്ലാം നടത്തുക. എന്തായാലും പാട്ടും ബാന്റും ഹിറ്റായതോടെ നാട്ടിലെ താരങ്ങളായിരിക്കുകയാണ് ഇവര്‍.