പൂമിയമ്മ കനിഞ്ഞു തന്ന നാടു കണ്ടേ.. മണ്ണിന്റെ മണമുള്ള ഈ കലാകാരിയുടെ കഥ ആരുമറിയാതെ പോകരുത്

single-img
15 November 2016

 

bindu2
വയനാടന്‍ പുഞ്ചകളില്‍ കതിരു കൊയ്യും കാലത്ത്..
കൊയ്ത്തു പാട്ടിന്‍ ഈണവും തുടിയുടെ താളവും മനസ്സിലുള്ളതു കൊണ്ടാവാം ബിന്ദുവിന്റെ പാട്ടുകള്‍ക്കും കവിതകള്‍ക്കും മണ്ണിന്റെ മണമാണ്. വയനാട്ടിലെ മേപ്പാടി റാട്ടികൊല്ലി കോളനിയിലാണ് ബിന്ദു ജീവിക്കുന്നത്. പള്ളിക്കൂടത്തില്‍ പോയിട്ടില്ലാത്ത ബിന്ദു 500ല്‍ പരം കവിതകള്‍ എഴുതിയിട്ടുണ്ട്. ജീവിതദുരിതങ്ങള്‍ക്കിടയിലും ബിന്ദു എഴുതാറുണ്ട്. അക്ഷരങ്ങളെ സ്‌നേഹിക്കുന്നുണ്ട്..

റാട്ടിക്കൊല്ലി പണിയകോളനിയിലേക്കുള്ള വഴി ചോദിച്ച് അധികം ബുന്ദിമുട്ടേണ്ടി വന്നില്ല. ആ ഗ്രാമത്തിന് മുഴുവന്‍ പ്രീയപ്പെട്ടവളാണ് ബിന്ദു എന്ന ഗായികയും കവിയും. വീടിന്റെ ഉമ്മറത്തെത്തിയപ്പോള്‍ കാട്ടില്‍ നിന്നും വിറകു ശേഖരിച്ച് വരികയായിരുന്നു അക്ഷരലോകത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന നാടന്‍പാട്ട് കലാകാരി. പണി തീരാത്ത വീടിനുള്ളില്‍ ബിന്ദുവിന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും എണ്ണി തിട്ടപ്പെടുത്താനായില്ല. വീടിന് വാതിലില്ല. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ് മറച്ചു വെച്ച നിലങ്ങളില്‍ ബിന്ദുവിന്റെ രചനകളുണ്ട്. വേദനകളൊളിപ്പിച്ച് കവിതകളെ പ്രണയിക്കുന്ന ഈ വയനാടന്‍ മലനിരകളുടെ കലാകാരിയുടെ കണ്ണുകളില്‍ തീക്ഷണമായ എന്തൊക്കെയേ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനങ്ങള്‍, പരിസ്ഥിതിനാശം, ആദിവാസികളുടെ കഷ്ടപ്പാടുകള്‍, ഗോത്രാചാരം, താരാട്ട്, പ്രണയം, വിരഹം അങ്ങനെയെല്ലാമുണ്ട് ബിന്ദുവിന്റെ എഴുത്തില്‍. കുമ്പളനാട്ടി എന്ന പേരില്‍ ഗോത്ര കവിതകള്‍ പുസ്തകരൂപത്തിലാക്കി പുറത്തിറക്കിയിട്ടുണ്ട്. ആല്‍ബങ്ങളിലും ബിന്ദു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലയെ അത്രമേല്‍ സ്‌നേഹിക്കുന്നത് കൊണ്ട് ബിന്ദുവും കുടുംബവും നാടന്‍പാടന്‍പാട്ട് സംഘവും തുടങ്ങിയിരുന്നു. സാക്ഷരത ജില്ലാ കലോല്‍സവത്തില്‍ ബിന്ദു കലാതിലകവുമായിട്ടുണ്ട്. 2009ല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സാക്ഷരതാവിരുന്നിലും പങ്കെടുത്തു. 2012ല്‍ മഹാരാഷ്ട്രയില്‍ നെഹ്രു യുവകേന്ദ്രം നടത്തിയ സാക്ഷരതാ പരിപാടിയിലും ബിന്ദു പങ്കെടുത്തു. നിരവധി സംസ്ഥാന ദേശീയ പരിപാടികളില്‍ ബിന്ദു പങ്കെടുത്തിട്ടുണ്ട്. സുഗതകുമാരിയുടെ കവിതകള്‍ ബിന്ദുവിനേറെ ഇഷ്ടമാണ്.

ചാത്തി-കല്ലാണി ദമ്പതികളുടെ മകളാണ് ബിന്ദു. മകളെ പള്ളിക്കൂടത്തില്‍ വിട്ട് പഠിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുഞ്ഞുനാള്‍ മുതല്‍ അഛനമ്മമാര്‍ക്കൊപ്പം എസ്റ്റേറ്റില്‍ പണിക്ക് പോകുമായിരുന്ന ബിന്ദുവിന്റെ കുഞ്ഞു നാവുകള്‍ പുമ്പാറ്റയെ കുറിച്ചും പൂക്കളെ കുറിച്ചും പാട്ടുപാടികൊണ്ടേയിരുന്നു. മൂന്ന് വയസ്സിലാണ് ബിന്ദു റാട്ടിക്കൊല്ലി കോളനിയിലെത്തിന്നത്. കൂടെയുള്ള കൂട്ടുകാര്‍ സ്‌കൂളില്‍ പോകുമ്പോള്‍ ബിന്ദുവിന്റെ കുഞ്ഞുമനസ്സ് തേങ്ങിയിരുന്നു.

bindu

കലാജീവിതത്തിന് ഭര്‍ത്താവ് ദാമോദരന്‍ വളരെ നല്ല പിന്തുണയാണ് നല്‍കുന്നത്. അക്ഷരങ്ങളോട് ബിന്ദുവിന് വല്ലാത്തൊരു പ്രണയമാണ്. ആദിവാസികളില്‍ ഇന്നു കണ്ടു വരുന്ന പ്രശ്‌നങ്ങളെല്ലാം ബിന്ദു തന്റെ കവിതയിലൂടെ അവതരിപ്പിക്കുന്നുണ്ട്. അക്ഷരം പഠിച്ചിട്ടില്ലാത്ത ബിന്ദു സാക്ഷരതാ ക്ലാസിലൂടെയാണ് എഴുതാന്‍ പഠിച്ചത്. ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതു കാരണമാണ് ബിന്ദുവിന് സ്‌കൂളില്‍ പോകാനാകാതിരുന്നത്. മിഠായി പൊതിഞ്ഞ് കിട്ടുന്ന കടലാസുകളിലെ അക്ഷരങ്ങളെ കൗതുകത്തോടെ നോക്കിയിരുന്ന ബാല്യകാലത്തെ ബിന്ദു ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പുല്ലരിയാനും വിറക് ശേഖരിക്കാനും കാട്ടില്‍ പോകുമ്പോള്‍ കാണുന്ന കാഴ്ചകളൊക്കെ ബിന്ദുവിന്റെ മനസ്സില്‍ കവിതയായ് വിരിഞ്ഞു. പരിപാടികള്‍ക്കായി ആരെങ്കിലും വിളിച്ചാല്‍ കൂലിപ്പണിയൊഴിവാക്കി ആരുടെയെങ്കിലും കയ്യില്‍ നിന്നും പണം കടം വാങ്ങിയാണ് ബിന്ദുവും ഭര്‍ത്താവും പരിപാടികള്‍ക്ക് പോകുക.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മാനിവയല്‍ ഹരിശ്രീ ലൈബ്രറി പരിസരത്ത് കളിക്കാന്‍ പോകുമ്പോള്‍ പുസ്തകങ്ങളും പത്രങ്ങളും നോക്കുമായിരുന്ന ഒരു കാലത്തെ ബിന്ദു ഇന്നും കണ്ണീരോടെ ഓര്‍ക്കുന്നുണ്ട്. ലളിതഗാനങ്ങളും തെരുവുനാടക ഗാനങ്ങളും കവിതകളും അങ്ങനെ നിരവധി കവിതകള്‍ നിറഞ്ഞിരിക്കുന്നുണ്ട് ബിന്ദുവിന്റെ പുസ്തകങ്ങളില്‍. എഴുതുന്ന വരികള്‍ക്ക് ബിന്ദു തന്നെയാണ് ഈണം കൊടുക്കാറുള്ളത്.

ആദിവാസികള്‍ ഇപ്പോള്‍ മദ്യത്തിന് അടിമപ്പെട്ട് ലഹരിയില്‍ ആറാടിജീവിക്കുകയാണ്. അതിനൊക്കെ പരിഹാരം ഉണ്ടാവണമെന്നും ആദിവാസികള്‍ക്ക് സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിക്കണമെന്നുമുള്ള ബിന്ദുവിന്റെ ആഗ്രഹങ്ങള്‍ സ്വന്തം രചനകളില്‍ കാണാം. റേഡിയോയിലും ബിന്ദു തന്റെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാക്ഷരതമിഷന്റെ പഠിതാക്കളില്‍ വിജം നേടി, രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് ബിന്ദു സാക്ഷരതാവിരുന്നില്‍ പങ്കെടുത്തത്. പണിയ ഭാഷയിലായിരുന്നു ബിന്ദു കൂടുതലും കവിതകള്‍ എഴുതിയിരുന്നത്. വീട്ടുപണിക്ക് പോയി നിന്ന സ്ഥലത്തു നിന്നും ബിന്ദു അക്ഷരങ്ങളോടുള്ള പ്രണയം വീണ്ടെടുത്തു. അസുഖം വന്ന് കിടപ്പിലായ അച്ഛനെയും അമ്മയെയും കൂലിപ്പണിയെടുത്താണ് ബിന്ദു സംരക്ഷിക്കുന്നത്.

ഗോത്രഭാഷയില്‍ ബിന്ദു നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. കാടും കാട്ടാറും കാട്ടുപൂക്കളും കാട്ടുതേനും പുല്ലും മലനിരകളും മുതലാളിമാരു
ടെ തോട്ടത്തിലെ പഴങ്ങളും കണ്ട് വളര്‍ന്ന ബിന്ദുവിന്റെ കവിതകള്‍ക്ക് വേദനിക്കുന്ന ആദിവാസികളുടെ കണ്ണീരുണ്ട്, ആദിവാസികളില്‍ തിരുത്തപ്പെടാനുള്ള ശീലങ്ങളുണ്ട് എന്ന ഓര്‍മപ്പെടുത്തലുണ്ട്.

വള്ളിയൂര്‍ക്കാവിലെ ഉല്‍സവം കാണുവാന്‍
ആങ്കളേം പെങ്കളും പോയേ…
അമ്മക്ക് ചാര്‍ത്തുവാന്‍..
മുല്ലപ്പൂ മാലയും ബാങ്കിയേ നാങ്ക…

കുടകില്‍ പണിക്ക് പോകുന്ന ആദിവാസികള്‍ തിരിച്ച് വരുന്നത് മദ്യത്തില്‍ കുളിച്ചാണ്. ഈ ശീലങ്ങള്‍ ആദിവാസി സമൂഹത്തിന്റെ നാശമാണെന്ന ഓര്‍മപ്പെടുത്തല്‍ ബിന്ദു കുറിച്ചു വെക്കുന്നു.

വലിയ ജീവിതസ്വപ്നങ്ങളൊന്നും ബിന്ദുവിനില്ല. കലയെ ഉപേക്ഷിക്കാനാവില്ല. അതെന്റെ ഹൃദയമാണെന്നാണ് ബിന്ദു കണ്ണീരോടെ പറയുന്നത്. കൂലിപ്പണി ചെയ്ത് മക്കളെയും അച്ഛനമ്മമാരെയും സംരക്ഷിക്കുന്ന ബിന്ദുവിന്റെ നിറമുള്ള സ്വപ്നങ്ങള്‍ കലയാണ്, കവിതകളാണ്.
അടച്ചുറപ്പില്ലാത്ത പണി തീരാത്ത വീടിനു മുന്നിലെ മാരിയമ്മന്‍ ദൈവം ഞങ്ങളെ കാക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ ബിന്ദുവിന്റെ കണ്ണുകളില്‍ എന്തൊക്കെയോ തേങ്ങലുകള്‍ ബാക്കിയാവുന്നു.സ്‌കൂള്‍ വിദ്യാഭാസം ലഭിക്കാത്ത ബിന്ദു പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളും അനുഭവങ്ങളും പെറുക്കിയെടുത്താണ് കവിതയാക്കിയത്. രണ്ട് മക്കളുടെ അമ്മയായ ഈ കലാകാരിയുടെ ജീവിതത്തിന്റെ കണ്ണീര്‍ത്താളുകള്‍ ലോകമറിയാതെ പോകരുത്.

(ചിത്രങ്ങളുടെ കടപ്പാട്: വിഘ്‌നേഷ് ടി കെ )