ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതി തന്നത് കേന്ദ്രസര്‍ക്കാര്‍; ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്ന് മോഹന്‍ലാല്‍

single-img
15 November 2016

 

mohanlal-may21

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാനുള്ള അനുമതി തനിക്ക് കേന്ദ്രസര്‍ക്കാരാണ് നല്‍കിയതെന്ന് നടന്‍ മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വനംവകുപ്പാണ് തനിക്ക് അനുമതി നല്‍കിയതെന്നും നടന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആനക്കൊമ്പ് കേസിലെ ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജ്ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളതിനാല്‍ ഹര്‍ജി അടുത്ത ആഴ്ചത്തേക്ക് മാറ്റി. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത കേസില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയും മോഹന്‍ലാലിനെ ഏഴാം പ്രതിയുമാക്കി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹര്‍ജ്ജിക്കാരന്റെ ആവശ്യം.