തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വന്‍ ധൂര്‍ത്ത്; തെളിവ് ഇ വാര്‍ത്തയ്ക്ക്; കേന്ദ്രസംഘത്തിന് മൂന്ന് ദിവസം ചായകുടിക്കാന്‍ 10 ലക്ഷം രൂപ

single-img
13 November 2016

 

eck

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിലും വന്‍തോതില്‍ ക്രമക്കേട് നടന്നതിന്റെ രേഖകള്‍ ഇ വാര്‍ത്തയ്ക്ക് ലഭിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ വന്നവര്‍ മൂന്ന് ദിവസം കൊണ്ട് നടത്തിയ ധൂര്‍ത്തിന്റെ തെളിവാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മിഷനാണ് അതിന്റെ നടത്തിപ്പിനായി ഈ ധൂര്‍ത്ത് നടത്തിയത് എന്നതാണ് ഏറെ വിരോധാഭാസം.

2016 മെയ് 1 മുതല്‍ മെയ് 3 വരെ കേരളത്തിലുണ്ടായിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സംഘത്തിനായി ചെലവഴിച്ചത് 10,91,340 രൂപയാണ്. ഈ തുക ബജറ്റില്‍ നിന്നും നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും സഹതെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഡയറക്ടര്‍മാരുമാണ് ഈ ദിവസങ്ങളില്‍ കേരളത്തിലുണ്ടായിരുന്നത്. ഇവരുടെ താമസത്തിനും മീറ്റിംഗുകള്‍ നടത്താനും മറ്റുമായി ആ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ സംഘം താമസിച്ചതിന്റെയും മീറ്റിംഗുകള്‍ നടത്തിയതിന്റെയും ബില്‍ പ്രശസ്ത ആഡംബര ഹോട്ടലായ താജ് വിവാന്റയില്‍ നിന്നുള്ളതാണ്. മീറ്റിംഗ് ഹാള്‍ വാടക, അതിന്റെ സജ്ജീകരണം, പങ്കെടുക്കുന്നവര്‍ക്കുള്ള ചായയും ലഘുഭക്ഷണവും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘാംഗങ്ങള്‍ക്ക് താമസം, ഭക്ഷണം എന്നിവയ്ക്കായാണ് ഈ തുക ബില്ലില്‍ വകയിരുത്തിയിരിക്കുന്നത്.

താജ് വിവാന്റ അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച ഇന്‍വോയിസിന്റെ നമ്പരും(3681701790) കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ നിന്നുമാണ് ഇതിനുള്ള തുക വകയിരുത്തേണ്ടതെന്നും കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ലഭ്യമാണ് എന്നിരിക്കെയാണ് ഈ ധൂര്‍ത്ത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ മസ്‌കറ്റ്, ചൈത്രം എന്നീ ആഡംബര ഹോട്ടലുകളും ഉണ്ടെന്നിരിക്കെ സ്വകാര്യ ഹോട്ടലും ചെലവേറിയതുമായ താജ് വിവാന്റ തിരഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യവും ദുരൂഹമാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചെലവുകള്‍ മുന്‍വര്‍ഷങ്ങളിലൊന്നും ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടില്ല. അതും ഇത്തരത്തിലുള്ള ധൂര്‍ത്തുകള്‍ക്ക് പ്രചോദനമാകുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍ഭാഡപൂര്‍വം തെരഞ്ഞെടുപ്പിനെ ആഘോഷമാക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്ന സംഘത്തില്‍ ജോലി ചെയ്തവര്‍ക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരും ഈ ജോലിയില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ നിരീക്ഷണത്തിനായി 28 ദിവസം 24 മണിക്കൂറും ജോലി ചെയ്ത പലര്‍ക്കും നാലായിരം രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചത്. അതും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ചുമതലയുണ്ടായിരുന്നവര്‍ക്ക്. മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ പ്രചരണവും മറ്റും ശ്രദ്ധിച്ച് ചെലവുകള്‍ വിലയിരുത്തുകയാണ് ഇവരുടെ ജോലി. അതിനാല്‍ തന്നെ പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെയും അണികളുടെയും ഭീഷണിയെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് ഇവര്‍ ജോലി എടുത്തിരുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഈ ജോലിയില്‍ ഉണ്ടായിരുന്നവരെ ഏറെ നാള്‍ നടത്തിച്ച ശേഷമാണ് കളക്ടറേറ്റില്‍ നിന്നും തുക അനുവദിച്ചത്. ഇടയ്ക്ക് കളക്ടര്‍മാരെ സ്ഥലം മാറ്റിയതും ഇവര്‍ക്ക് വിനയായി. ഇതിനിടെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്തിപ്പിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ec-page1 ec-page2