നോട്ട് ക്ഷാമത്തില്‍ കുടുങ്ങി ബീവറേജസ് കോര്‍പ്പറേഷനും; പ്രതിദിന മദ്യ വില്‍പ്പനയില്‍ 9 കോടി രൂപയുടെ കുറവ്

single-img
13 November 2016

 

bvco

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനത്തെ മദ്യ വില്‍പനയിലും വന്‍കുറവ്. നോട്ട് അസാധുവാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിദിന മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ 9 കോടിയോളം രൂപയുടെ കുറവാണ് ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ രേഖപ്പെടുത്തിയത്.

പ്രതിദിനം 29 കോടി രൂപ ശരാശരി വരുമാനമുണ്ടായിരുന്ന ബീവറേജസ് കോര്‍പ്പറേഷന് നിലവില്‍ 20 കോടിയില്‍ താഴെ രൂപ മാത്രമാണ് ശരാശരി പ്രതിദിന വരുമാനമായി ലഭിക്കുന്നത്. ചൊവാഴ്ച രാത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, 18 കോടി രൂപയുടെ വില്‍പനയാണ് ബുധനാഴ്ച നടന്നത്.

അതേസമയം, അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന ചൊവാഴ്ച മദ്യ വില്‍പനയിലൂടെ ബീവറേജസ് കോര്‍പ്പറേഷന്‍ നേടിയത് 29 കോടി രൂപയായിരുന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം, വ്യാഴാഴ്ച വില്‍പന 20.15 കോടി രൂപയായിരുന്നു. വെള്ളിയാഴ്ച ഇത് 20 കോടി രൂപയില്‍ താഴെയായി വീണ്ടും കുറഞ്ഞു.

അതൊടൊപ്പം തന്നെ, പച്ചക്കറി മുതലായ അവശ്യവസ്തുക്കളുടെ വിപണിയും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുകയാണ്. നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിപണികളില്‍ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വര്‍ണ വ്യാപാര മേഖലകളില്‍ ഇതിനകം വലിയ തോതില്‍ കച്ചവടം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല ഹോട്ടലുകളും പ്രതിസന്ധിയെ തുടര്‍ന്ന് ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒപ്പം, നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് മേഖലയും മന്ദഗതിയിലാണ് നീങ്ങി കൊണ്ടിരിക്കുന്നത്.