മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ ഉമ: സൂത്രധാരന്‍ അബൂബക്കര്‍ സിദ്ദിഖിയുടെ ചിത്രം സ്വകാര്യ ചാനല്‍ പുറത്തുവിട്ടു

single-img
13 November 2016

 

kerala-car_647_110316111238

കൊച്ചി: കൊല്ലം, മലപ്പുറം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടതി വളപ്പുകളില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന അല്‍ ഉമ നേതാവ് അബൂബക്കര്‍ സിദ്ധിഖിയുടെ ചിത്രം പുറത്ത് വിട്ടു. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. തമിഴ്‌നാട, കര്‍ണ്ണാടക ആന്ധ്ര സര്‍ക്കാരുകള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഇയാള്‍ ചെന്നൈയില്‍ മാത്രം 8 ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിയാണ്.

നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനത്തിനു പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ആന്ധ്ര ഭീകര വിരുദ്ധ സ്‌ക്വാഡും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. നവംബര്‍ ഒന്നിന് മലപ്പുറത്ത് നടന്നതും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് സ്ഥിരീകരിച്ച് കൊണ്ടുള്ള രാസ പരിശോധനഫലം കേരള പൊലീസിന് ലഭിച്ചു. ഇതോടെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ ഉമ എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ബലപ്പെടുകയാണ്. ഗണ്‍ പൗഡര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. താരതമ്യേനെ പ്രഹരശേഷി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടത്തുന്നതു വഴി വിഷയത്തില്‍ പൊലീസിനുള്ള ഗൗരവം കുറയ്ക്കാനാണ് നീക്കമെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന വിശദീകരണം.

al-uma

മലപ്പുറം സ്‌ഫോടനത്തിനു പിന്നില്‍ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ലഭിച്ച തെളിവുകളില്‍ നിന്നാണ് ബേസ് മൂവ്‌മെന്റ് എന്നു തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. ബേസ് മൂവ്മെന്റ് അല്‍ ഉമയെന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 93 കോയമ്പത്തൂര്‍ സ്‌ഫോടനത്തിനു ശേഷം അല്‍ ഉമ എന്ന സംഘടന അപ്രത്യക്ഷമായിരുന്നു. പിന്നീട് 2013ല്‍ നടന്ന ബംഗ്ലൂര്‍, ചെന്നൈ, പാട്‌ന സ്‌ഫോടനത്തിനു പിന്നാലെയാണ് സിദ്ദിഖിയുടെ പേര് വീണ്ടും ഉയര്‍ന്നു വരുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിദ്ദിഖിയുടെ സംഘടനയ്ക്ക് ശക്തമായ വേരോട്ടമുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങളിലൂടെ പുറത്തുവരുന്നതെന്നാണ് നിഗമനം. കേരളം ഇവരുടെ താവളമായി മാറുന്നുവെന്നാണ് തമിഴനാട് ക്യൂ ബ്രാഞ്ച്, ആന്ധ്രഭീകര വിരുദ്ധ സ്‌ക്വാഡ്, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവയുടെ വിലയിരുത്തല്‍. കൊല്ലത്തും മലപ്പുറത്തും കളക്ടറേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനത്തിനു പിന്നാലെ കര്‍ണാടകയിലാണ് അടുത്ത സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍