നാട്ടിലെ അരാജക്ത്വം പ്രതീക്ഷിച്ചതിലും ഭീകരമെന്ന് തോമസ് ഐസക്; ആളുകളുടെ ഇപ്പോഴത്തെ മുഖ്യതൊഴില്‍ ബാങ്കില്‍ ക്യൂ നില്‍ക്കല്‍

single-img
13 November 2016

 

thomas-isaac

തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകളില്‍ സ്തംഭനം വന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പ്രതീക്ഷിച്ചതിലും വളരെ ഭീകരമായ അരാജകത്വമാണ് നാട്ടിലിപ്പോള്‍ ഉള്ളതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു.

ഇപ്പാള്‍ ആളുകളുടെ മുഖ്യതൊഴില്‍ ബാങ്കില്‍ ക്യൂ നില്‍ക്കലാണ്, കച്ചവടം ചെയ്യാന്‍ പൈസയില്ലാതെ വ്യാപാരികള്‍ കട അടച്ചിടാന്‍ പോകുന്നു, കല്ല്യാണങ്ങള്‍ മാറ്റിവയ്ക്കുന്നു, കൂലി കൊടുക്കാന്‍ പോലും പണമില്ല, വീടുകള്‍ പട്ടിണിയിലായി- രാജ്യത്തെ സ്തംഭനാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങള്‍ ധനമന്ത്രി നിരത്തുന്നു. മുന്നറിയിപ്പില്ലാതെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടക്കത്തില്‍ തന്നെ തോമസ് ഐസക് വിമര്‍ശിച്ചിരുന്നു.

ഇതിനെതിരെ താന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനു കീഴെ ‘പൊങ്കാല’ ഇട്ടവര്‍ എവിടെ പോയെന്നും അവര്‍ മാളത്തില്‍ പോയി ഒളിച്ചിരിക്കുകയാണെന്നും തോമസ് ഐസക് പരിഹസിക്കുന്നു. കേന്ദ്രം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ധനമന്ത്രി പോസ്റ്റില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. നാട് ചുറ്റല്‍ നിര്‍ത്തി പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തണമെന്നും അടിയന്തരയോഗം വിളിക്കണമെന്നും ആവശ്യപ്പെടുന്ന ഐസക്, മുപ്പതാം തീയതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ വ്യാപാരത്തിനുപയോഗിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കേന്ദ്രധനമന്ത്രി ജെയ്റ്റലി പറയും പോലെ പ്രശ്നങ്ങള്‍ തീരാന്‍ ഒരു മാസം പോയിട്ട് ഒരു വാരം പോലും ജനങ്ങള്‍ കാത്തിരിക്കില്ലെന്നും അവരുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും പോസ്റ്റില്‍ മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.