ക്യൂ നില്‍ക്കാതെ രണ്ട് ലക്ഷം രൂപ കിട്ടിയെന്ന് ദുബായ് മലയാളി; 2000 രൂപയുടെ നോട്ടുകള്‍ മോഹവില നല്‍കി സ്വന്തമാക്കിയത് ഡല്‍ഹിയില്‍ നിന്ന്

single-img
13 November 2016

 

2000

നാട്ടില്‍ ജീവിതച്ചെലവുകള്‍ക്ക് പോലും പണമില്ലാതെ നോട്ടിനായി ജനം നെട്ടോട്ടമോടുമ്പോള്‍ 2000 രൂപയുടെ നൂറ് നോട്ടുകള്‍ സ്വന്തമാക്കി ദുബായ് മലയാളി. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് മോഹവില നല്‍കി രണ്ട് ലക്ഷം രൂപ വാങ്ങിയത്.

പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനും വിദേശത്തേക്ക് കൊണ്ടുപോകാനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുമ്പോഴാണ് ഇത്. ഇന്ത്യയില്‍ ഇറങ്ങുന്ന എല്ലാ നോട്ടുകളും ആദ്യം സ്വന്തമാക്കുന്ന ശീലമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. ദുബായില്‍ ചെറുകിട കച്ചവടക്കാരനായ ഇയാള്‍ ഡല്‍ഹിയിലെത്തി സുഹൃത്ത് വഴി സംഘടിപ്പിച്ച നോട്ടുമായി മുംബൈ വഴിയാണ് ദുബായിലേക്ക് പറന്നത്.

കൈമാറ്റം ചെയ്യാനോ വില്‍പ്പനയ്‌ക്കോ വേണ്ടിയല്ല നോട്ടുകള്‍ സ്വന്തമാക്കിയതെന്നും ഇത്രയധികം നോട്ടുകള്‍ സ്വന്തമാക്കിയ ആദ്യ മലയാളിയെന്ന ഖ്യാതി മാത്രമാണ് ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു. നാണയശേഖരം ശീലമാക്കിയ ഇയാളുടെ പക്കല്‍ നാട്ടില്‍ ഇന്ന് ലഭ്യമല്ലാത്ത ഒരു രൂപയുടേത് അടക്കം പല നോട്ടുകളുടെയും ആദ്യ സീരീസ് ഉണ്ട്. ഇവയെല്ലാം മോഹവിലയ്ക്ക് സ്വന്തമാക്കിയവയുമാണ്. നേതാക്കളുടെ ജന്മദിനത്തെ നോട്ടുകളിലെ നമ്പരുകളുമായി ബന്ധപ്പെടുത്തി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ക്ക് ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.