പശുക്കള്‍ക്കിടയിലും കുടുംബസംവിധാനം, അവയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം; വര്‍ക്കലയിലെ ഫ്രീ ഫാം ഷെഡ് വ്യത്യസതമാകുന്നു

single-img
12 November 2016

 

1
”ഞങ്ങളുടെ ജീവിതം അവരാണ്. പരാതിയും പരിഭവവും ഇല്ല. ഞങ്ങള്‍ സന്തുഷ്ടരാണ്, ബന്ധനങ്ങളില്ലാതെ സ്വന്തം മക്കളെപോലെ പശുക്കളെ സംരക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടായത്”. മൂക്കുകയറോ കഴുത്തിലെ ബന്ധനങ്ങളോ ഇല്ലാതെയാണ് ഹമ്മാദ്, അംലാദ്, അഷ്‌റഫ് സഹോദരന്മാരുടെ കൂട്ടായ്മയില്‍ രൂപീകൃതമായ ഫ്രീഷെഡ് ഫാമിലെ മുപ്പത്തഞ്ചിലധികംവരുന്ന പശുക്കള്‍.

ആധുനിക സാങ്കേതിക വിദ്യകളും പരിപാലനവിദ്യകളും പ്രയോജനപ്പെടുത്തി കൂട്ടുകുടുംബത്തിന്റെ കരുത്തില്‍ മുന്നേറുകയാണ് വര്‍ക്കല അയിരൂരിലെ അച്ചൂസ് ഡയറി ഫാം.

വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഫ്രീ ഷെഡുകള്‍ നിര്‍മ്മിച്ച് പശുക്കളെ കെട്ടിയിടാതെ വളര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനാണ് ഈ സഹോദന്മാര്‍ ക്ഷീര വികസന വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെ തുടക്കം കുറിച്ചത്. കേരളത്തില്‍ സ്വകാര്യ കര്‍ഷകര്‍ക്കിടയിലുള്ള ആദ്യത്തെ സംരംഭം കൂടിയാണ് ഫ്രീ ഫാം ഷെഡ്.

2

2007 മുതല്‍ ക്ഷീരകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇവര്‍. പട്ടം സ്വദേശി വെറ്റിനറി ഡോക്ടര്‍ മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരീക്ഷണത്തിന് തയ്യാറായത്. മറ്റ് തൊഴിലാളികളുടെ ആവശ്യമില്ല എന്നുള്ളതാണ് ഇവരെ സംരംഭത്തിന് മുതല്‍ മുടക്കാന്‍ പ്രേരിപ്പിച്ചത്. നാഗ്പ്പൂരില്‍ രണ്ടായിരം പശുക്കളുള്ള ഒരു ഡയറി ഫാമിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ഈ രംഗത്ത ഏറെ പരിചയസമ്പത്തുള്ള ഡോ. മുരളീധരന്‍ തന്നെയാണ് നിര്‍മ്മാണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പശുക്കള്‍ ഇവിടെ സര്‍വ്വതന്ത്ര സ്വതന്ത്രരും സ്വയം പര്യാപ്തരുമാണ്. ഭക്ഷണം കഴിക്കുന്നതും പാല് കറക്കുന്ന സമയത്ത് മില്‍ക്കിങ് പാര്‍ലറുകളിലേക്ക് വരുന്നതും വിശ്രമിക്കാന്‍ ഷെഡിലേക്ക് എത്തുന്നതുമൊക്കെ സ്വയം തന്നെ. ആരും ആട്ടിത്തളിക്കേണ്ട കാര്യമില്ല. മൂന്ന് മാസത്തെ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാക്കിയത്.

ഫ്രീഫാം ഷെഡ്

ഫ്രീ ഫാം ഷെഡിന്റെ നിര്‍മ്മാണം മികച്ചതും ശാസ്ത്രീയവുമാണ്. ഏകദേശം 70 സെന്റ് പുരയിടത്തില്‍ 40 ലക്ഷം മുടക്കിയാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷീരവികസന വകുപ്പില്‍ നിന്ന് കിട്ടിയ ധനസഹായവും സ്വന്തമായുള്ള തുകയും കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണെടുത്തതും ചേര്‍ത്താണ് മുതല്‍മുടക്ക് സ്വരൂപിച്ചത്. പശുക്കള്‍ക്ക് യഥേഷ്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ 14 അടി വീതിയിലുള്ള നടപ്പാതകളാണ് ഷെഡിന് ചുറ്റുമുള്ളത്. ചാണകം നിക്ഷേപിക്കുന്നതിനും ഉണക്കുന്നതിനും പ്രത്യേകം സ്ഥലം ഇവിടെ ഉണ്ട്. പശുക്കള്‍ക്ക് വിശ്രമിക്കുന്നതിന് പശു ഒന്നിന് എട്ട് ഇഞ്ച് ഉയരത്തില്‍ നാലടി വീതിയും ആറടി നീളവുമുള്ള പ്ലാറ്റ് ഫോമുമുണ്ട്. നിലവില്‍ 35 പശുക്കളുണ്ട്. കുറച്ച് ്പശുക്കള്‍ കൂടി ഈ മാസം എത്തും. മൊത്തം 65 പശുക്കള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സൗകര്യം ഫാം ഷെഡിലുണ്ട്.

തോന്നുമ്പോള്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിശാലമായ വളപ്പ്. ഇഷ്ടം പോലെ സഞ്ചരിക്കാം എന്നതൊക്കെയാണ് ഈ ഫാമിനെ മറ്റു ഫാമുകളില്‍ നിന്ന് വിത്യസ്തയാക്കുന്നത്.

3
മില്‍ക്ക് പാര്‍ലര്‍

ഷെഡ്ഡിന്റെ സമീപത്ത് തന്നെ ഏകദേശം 8 ലക്ഷം രൂപ മുടക്കിയാണ് മില്‍ക്കിങ് പാര്‍ലര്‍ സ്ഥാപിച്ചിരിക്കുന്നത്. മില്‍ക്കിങ് യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ തന്നെ പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന യാര്‍ഡിലൂടെ പശുക്കള്‍ വരിവരിയായി ഇവിടെയെത്തി കറവക്കായി തയ്യാറാവുന്നു. ഒരേ സമയം ആറു പശുക്കളെ 10 മിനിട്ടിനുള്ളില്‍ കറക്കാം. കറവയ്ക്ക് ശേഷം ഫ്രീ ഷെഡ്ഡില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള എഫ്എമ്മില്‍ നിന്ന് പാട്ട് കേട്ട് വിശ്രമിക്കുന്നവര്‍ക്ക് വിശ്രമിക്കാം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചുറ്റി നടക്കാനാഗ്രഹിക്കുന്നവര്‍ക്കും അതുമാകാം. വിശാലമായ സൗകര്യമുള്ളതുകൊണ്ട് തന്നെ ഒരു കാലിത്തൊഴുത്തിന്റെ ദുര്‍ഗന്ധമോ രോഗാണുബാധയോ ഇല്ല. ഫാമില്‍ തന്നെയുള്ള കൗണ്ടറിലാണ് പാല്‍വില്‍പ്പന.
ജീവിതം നേട്ടം തന്നെയാണ്

മൂന്ന് കുടുംബങ്ങള്‍ ജോലിക്ക് ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ജോലി ഭാരം അധികമായി തോന്നില്ല. എല്ലാ ചെലവും കഴിഞ്ഞ് പ്രതിമാസം 70000 രൂപയോളം ലാഭം ലഭിക്കുന്നുണ്ട്. പച്ചചോളത്തണ്ടും ഇലയും അരിഞ്ഞ് ശര്‍ക്കര ചേര്‍ത്ത് സൈലേജാക്കി വില്‍പ്പനക്കെത്തിക്കുന്നതും, പനീര്‍ ഉണ്ടാക്കുന്നതിലൂടെയുമൊക്കെ അധിക വരുമാനം ലഭിക്കുന്നു. ഈ ജോലികള്‍ക്ക് ദിനംപ്രതി രണ്ടായിരം രൂപ വരെ വരുമാനം കിട്ടുന്നുണ്ട്. ഫാം കടം വാങ്ങിയ പണം ഒഴികെ മറ്റു കാര്യങ്ങള്‍ കൊണ്ടൊക്കെ ഇത് ലാഭമാണ്.
ചാണകം ഉണക്കി ഗ്രോബാഗുകളിലാക്കി ചാക്കൊന്നിന് 50 രൂപ നിരക്കില്‍ ജൈവവളമാക്കി മറ്റു കര്‍ഷകര്‍ക്ക് വില്‍ക്കുന്നതും വരുമാന മാര്‍ഗമാണ്.

4

പശുക്കള്‍ക്കാവശ്യമുള്ള പുല്ല് രണ്ടരയേക്കറോളം പുരയിടത്തില്‍ തന്നെ നട്ടിട്ടുണ്ട്. ഇതിനായി ക്ഷീര വികസന വകുപ്പില്‍ നിന്ന് സാമ്പത്തികസഹായവും പുല്ലു വളര്‍ത്തുന്ന രീതിയെപ്പറ്റിയുള്ള ക്ലാസ്സും ലഭിച്ചിരുന്നു. നിലവില്‍ ക്ഷീര വികസന വകുപ്പിന്റെയും ആത്മയുടെയും ഫോഡര്‍ ഫാം സ്‌കൂളാണിത്. ഇതിനുള്ള ജലസേചനത്തിനായി ക്ഷീര വികസന വകുപ്പ് സ്പ്രിംഗ്ലര്‍ സ്ഥാപിച്ചിട്ടുണ്ട്.

ക്ഷീര വികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണ ഹമ്മാദും സഹോദരന്മാരും എടുത്തു പറഞ്ഞു.
വര്‍ക്കല ബ്ലോക്കിലെ മുന്‍ ഡയറിഫാം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു ആര്‍, ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരായ ശാനിബ എസ്, ജയകുമാര്‍, ഡോ. മുരളീധരന്‍ എന്നിവരുടെ നിര്‍ദ്ദേശവും പ്രോത്സാഹനവും ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു. മുമ്പ് അഞ്ച് പശുക്കളെ വാങ്ങുന്നതിനുള്ള സബ്‌സിഡി ക്ഷീരവികസന വകുപ്പ് ഇവര്‍ക്ക് അനുവദിച്ചിരുന്നു.

6

എല്ലാം കൊണ്ടും ഞങ്ങ ഹാപ്പിയാ..

മുഖത്ത് ചെറു പുഞ്ചിരിയോടെ ജീവിതത്തെ സ്നേഹിക്കുന്ന ഈ കുടുംബം കാര്‍ഷിക സംസ്‌കാരം മറക്കുന്ന പുതിയ ലോകത്തിന് മാതൃകയാവുകയാണ്. മൃഗങ്ങള്‍ക്കും സ്വാതന്ത്രമുണ്ട്. കയറിനുള്ളില്‍ അവരുടെ ഇഷ്ടങ്ങള്‍ ബന്ധിച്ച് നാം നേടുന്ന ലാഭത്തിന് അര്‍ത്ഥമുണ്ടാവില്ല എന്ന് കാലത്തോട് ഓര്‍മപ്പെടുത്തുകയാണ് ഈ കുടുംബം. ധാരാളം പശുക്കള്‍ ഇവിടെയുണ്ടെങ്കിലും ഇവയ്ക്കിടയിലും ഒരു കുടുംബ സംവിധാനമാണ് നിലനില്‍ക്കുന്നത്. അതായത് ഒരു കുടുംബത്തില്‍ അംഗമായ പശുക്കള്‍ ഒരുമിച്ച് ജീവിക്കുന്നു. മൂന്ന് മാസത്തെ പരിശീലനത്തിലൂടെ ചിട്ടയായ ശീലമാണ് പശുക്കള്‍ക്ക് ഉണ്ടായത്. ശാന്തമായ അന്തരീക്ഷമാണ് ഈ ഫാം. അത് കൊണ്ടു തന്നെ പശുക്കള്‍ തീര്‍ത്തും സ്വതന്ത്രരാണെന്ന ഉറപ്പിച്ചു പറയാം. മക്കളും ഈ രംഗത്തിലേക്ക് കടന്നുവരണം എന്നു തന്നെയാണ് അവരും ആഗ്രഹിക്കുന്നത്. മൃഗങ്ങളെ എല്ലാ ലാളനയും കൊടുത്താണ് ഇവര്‍ സംരക്ഷിക്കുന്നത്. ഈ തൊഴില്‍ ഒരിക്കലും ബാധ്യതയായി ഇവര്‍ക്കു തോന്നിയിട്ടില്ല. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല.

വിദേശത്തായിരുന്നു ഇവര്‍ ആദ്യം ജോലി ചെയ്തത്. കുഞ്ഞുനാളില്‍ ശീലമുണ്ടായിരുന്ന പശു വളര്‍ത്തല്‍ തൊഴിലാക്കി എടുക്കാമെന്ന് ജീവിതം കൊണ്ട് ഇവര്‍ പഠിച്ചു. സ്വപ്നങ്ങളിലേക്ക പറക്കാന്‍ ജന്മനാടിനോളം സുഖമുള്ള മറ്റൊന്നില്ല എന്ന തിരിച്ചറിവാണ് ഇവരെ ഇത്തരത്തില്‍ നേട്ടം കൊയ്യാന്‍ പ്രേരിപ്പിച്ചത്. ജന്മ നാടിന്റെ സുഖമറിഞ്ഞ് നല്ല വരുമാനമുണ്ടാക്കി സന്തോഷത്തോടെയയും ഐക്യത്തോടെയും ജീവിക്കണം എന്ന കൊച്ചു സ്വപ്നം മാത്രമേ ഈ കുടുംബത്തിനുള്ളൂ.

മൃഗസംരക്ഷണം അന്തസുള്ള തൊഴിലാണെന്ന ്പുതിയ തലമുറ തിരിച്ചറിയണം എന്ന സ്വപ്നമാണ് ഈ കൊച്ചുകുടുംബം ബാക്കിയാക്കുന്നത്.

7 5 8 6 9 10