ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് നോട്ട് മാറ്റി നല്‍കുന്നതിന് പണം; ആയിരത്തിന് 200 കമ്മിഷന്‍; ഇരകളെ പിടിക്കുന്നത് മദ്യശാലകളില്‍ നിന്നും ബിവറേജസിന് മുന്നില്‍ നിന്നും

single-img
12 November 2016

 

atmqq-11-1478851653

വലിയ അളവില്‍ നോട്ട് മാറ്റിയെടുക്കേണ്ടവര്‍ കാര്യംനടക്കാന്‍ ഏജന്റുമാരെ തേടുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നിന്നും മദ്യശാലകളില്‍ നിന്നുമെല്ലാമാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നത്. ആകര്‍ഷകമായ കമ്മിഷന്‍ വ്യവസ്ഥകളോടെയാണ് ഈ തിരിമറി.

ആയിരം രൂപയ്ക്ക് ഇരുന്നൂറ് രൂപ നിരക്കില്‍ ഇന്നലെ തിരുവനന്തപുരം സ്റ്റാച്യുവിലെ എസ്ബിടിയില്‍ നിന്നും നാലായിരം രൂപ മറ്റൊരാള്‍ക്ക് മാറ്റിനല്‍കിയതായി തിരുവനന്തപുരം സ്വദേശിയായ രാജേഷ് ഇ വാര്‍ത്ത ലേഖകനോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേരെ ഉപയോഗിച്ചാണ് പലരും പണം മാറ്റിയെടുക്കുന്നത്. ഇവര്‍ക്ക് വേണ്ടി ഇരകളെ കണ്ടെത്താനും പ്രത്യേക സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ വരുമെന്നതിനാല്‍ പലരും ഇത്തരത്തില്‍ വലിയ നോട്ടുകള്‍ ചെറിയ നോട്ടുകളാക്കി മാറ്റുകയാണ്. നികുതിയായി അടക്കേണ്ടി വരുന്ന തുക കമ്മിഷനായി നല്‍കേണ്ടി വരുന്നില്ലെന്നതിനാലും നിയമ നൂലാമാലകളില്‍ പെടേണ്ടി വരുന്നില്ലെന്നതിനാലുമാണ് പലരും ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ നോട്ടുകള്‍ മാറി നല്‍കുന്നതിന് ഗുണ്ടാസംഘങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കണ്ണൂരില്‍ നിന്നും മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണൂരിലെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബിയര്‍-വൈന്‍ പാര്‍ലറിലും മറ്റുമായി ഒരു യുവാവ് ആയിരം രൂപയുമായി പലരെയും സമീപിച്ച് പകരം 700 നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് പലരില്‍ നിന്നും നോട്ടുകള്‍ മാറിയെടുത്ത സംഭവവും ഉണ്ടായി.

700 രൂപയ്ക്ക് പകരം ആയിരം എന്ന് കേള്‍ക്കുമ്പോള്‍ കുടിയന്മാരും ഹാപ്പി. പിന്നീട് എപ്പോഴെങ്കിലും ബാങ്കില്‍ പോയി മാറ്റിയെടുത്താല്‍ മതിയല്ലോ. മണിക്കൂറുകളോളം ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടി വന്നാലും ആകര്‍ഷകമായ കമ്മിഷന്‍ ലഭിക്കുമെന്നതിനാല്‍ കള്ളപ്പണക്കാരുടെ ഈ കെണിയില്‍ നിരവധി സാധാരണക്കാരാണ് വീഴുന്നത്.

രേഖകളില്ലാത്ത പണം ബാങ്കില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ ചെന്നാല്‍ പിടിവീഴുമെന്ന ഭീതിയിലാണ് കയ്യിലുള്ള കണക്കില്ലാത്ത പണം ചെലവഴിക്കാന്‍ പലരും കുറുക്കുവഴികള്‍ തേടുന്നത്. നിര്‍മാണ രംഗത്തുള്ള വന്‍കിട കോണ്‍ട്രാക്ടര്‍മാരും മറ്റുമാണ് ഇത്തരത്തില്‍ കള്ളപ്പണം വന്‍തോതില്‍ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

കൂടാതെ നിരോധിക്കപ്പെട്ട ആയിരവും അഞ്ഞൂറും നോട്ടുകള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിച്ച് നല്‍കുന്നവര്‍ക്ക് പതിനായിരവും ഇരുപതിനായിരവുമൊക്കെയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.