കേരളത്തിലേത് എന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രം യുകെയില്‍ നിന്നുള്ളത്; കള്ളന്മാരുടെ അടയാളങ്ങള്‍: പത്തനംതിട്ട എസ്.പി പുറത്തുവിട്ട ചിത്രങ്ങള്‍ വൈറലാവുന്നു

single-img
11 November 2016

 

pathanamthitta-sp
തിരുവനന്തപുരം: മോഷണത്തിനായി കള്ളന്‍മാര്‍ ആശയവിനിമയം നടത്തുന്നത് ഇങ്ങനെയാണു സൂക്ഷിക്കുക എന്നു പറഞ്ഞ് മാധ്യങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ യു.കെയില്‍ നിന്നുമുള്ളത്. പത്തനംതിട്ട എസ്.പി ഹരിശങ്കര്‍ ഫെയ്സ്ബുക്കിലുടെ പുറത്ത് വിട്ട ചിത്രമാണ് വൈറലായി കൊണ്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയ്ല്‍ പുറത്തുവിട്ട ചിത്രങ്ങളായിരുന്നു ഇത്. വെയ്ല്‍സില്‍ ചില പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടക്കുകയും കവര്‍ച്ച ചെയ്യപ്പെട്ട വീടുകളുടെ പുറത്തു നിന്നും ഇത്തരത്തിലുള്ള അടയാളങ്ങള്‍ ലഭിക്കുകയും ചെയ്തതോടെയാണ് ഇത് കള്ളന്മാര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിഹ്നങ്ങളാണെന്ന് പോലീസിന് സംശയം തോന്നിയത്. ഒരു സംഘമെത്തി മോഷ്ടിക്കേണ്ട സാഹചര്യങ്ങള്‍ മനസിലാക്കുകയും പിന്നീട് മറ്റൊരു സംഘമെത്തുമ്പോള്‍ അവരെ മോഷണത്തിന് സഹായിക്കാനായി ഇത്തരം അടയാളങ്ങളിലൂടെ ആശയവിനിമയം നടത്തുകയുമായിരുന്നെന്ന് ഇവിടെ പിന്നീട് കണ്ടെത്തി.

http://www.dailymail.co.uk/news/article-3240036/The-signs-criminals-use-alert-homes-worth-robbing-aren-t.html

കേരളത്തില്‍ നിന്നു കിട്ടിയ ചിത്രങ്ങളല്ല ഇതെന്നാണ് പത്തനംതിട്ട എസ്പി ഇവാര്‍ത്തയോട് പറഞ്ഞത്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ കിട്ടിയതായി ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാത്രമല്ല ശബരിമല സീസണ്‍ ആയതു കൊണ്ട് തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലേക്ക് എത്തുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ സജീവമായ തിരുട്ടുഗ്രാമങ്ങള്‍ പോലെയുള്ള കൂട്ടത്തോടെ മോഷണത്തിനിറങ്ങുന്നവരുടെ സംഘങ്ങള്‍ ശബരിമല സീസണ്‍ അടുക്കുന്ന സാഹചര്യത്തില്‍ ഇത്തരം അടയാളങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. അതിനാലാണ് എസ്പി ഇത്തരം അടയാളങ്ങള്‍ സഹിതം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ ഇതുപോലുള്ള എന്തെങ്കിലും അടയാളങ്ങള്‍ നിങ്ങളുടെ വീടിന്റെ മതിലിലോ തൂണുകളിലോ കാണുകയാണെങ്കില്‍ എത്രയും വേഗം അത് മായ്ച്ചു കളയണമെന്നും നിങ്ങളുടെ വീട് കവര്‍ച്ച സംഘത്തിന്റെ നീരിഷണത്തിലാണെന്നുമാണ് എസി.പി ഫെയ്സ് ബുക്ക് പേജില്‍ പറഞ്ഞത്. അതുമായി ബന്ധപ്പെട്ട അടയങ്ങളുടെ ചിത്രവും ഇതിന്റെ കൂടെ കൊടുത്തിരുന്നു. ഈ പോസ്റ്റ് ഇറങ്ങിയതോടെ സമൂഹമാധ്യമങ്ങളും പിന്നീട് മു്ഖ്യധാര മാധ്യമങ്ങളും ഇതിനെ ഏറ്റെടുക്കുകയുമായിരുന്നു.