റെയില്‍വേ സ്‌റ്റേഷനില്‍ പഴയ നോട്ട് മാറ്റാന്‍ കളികള്‍ പലവിധം: പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാന്‍ ആയിരം രൂപ

single-img
11 November 2016

 

ticket-booking-timings-changes

കൊച്ചി: വലിയ തുകയ്ക്ക് റെയില്‍വേ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിന് കീഴിലായിരിക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റ് റിസര്‍വേഷനുകള്‍ നിരീക്ഷിക്കാന്‍ റെയില്‍വേ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ പഴയ ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഉപയോഗിച്ച് 71,600 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇത്രയേറെ തുകയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പിന്നീട് അത് റദ്ദാക്കി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നേടുകയായിരുന്നു ലക്ഷ്യമെന്ന സംശയം ഇ വാര്‍ത്തയുടെ വാര്‍ത്തയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസത്തെ സംഭവം പുറത്ത് വന്നതോടെ റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അതിനാലാണ് പ്രത്യേക നിരീക്ഷണ സംഘത്തെ നിയമിക്കുന്നതെന്നും ഒരു ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പത്ത് രൂപ വിലയുള്ള പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാന്‍ പോലും ആളുകള്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളുമായി എത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ അയ്യായിരം രൂപയ്ക്ക് മുകളിലുള്ളവയുടെ പണം മടക്കി നല്‍കല്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടിഡിആര്‍) വഴി മാത്രമായിരിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

തല്‍ക്കാലം ടിഡിആര്‍ നല്‍കുകയും പിന്നീട് ഇത് സ്വീകരിച്ച് പകരം പണം നല്‍കുന്ന സംവിധാനമാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകയാണ് നല്‍കാനുള്ളതെങ്കില്‍ ഈ തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. അതിന് ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൗണ്ടറില്‍ നല്‍കണം.

ചില്ലറയ്ക്കായി പല രീതിയില്‍ ആളുകള്‍ റെയില്‍വേയെ സമീപിക്കാന്‍ ശ്രമിച്ചതോടെ നൂറിന്റെയും ചില്ലറ നോട്ടുകളുടെയും ക്ഷാമം നേരിടുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നത്.