പുതു ചരിത്രംകുറിക്കാന്‍; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസം ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു

single-img
8 November 2016

dhoni
റാഞ്ചി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് ഹസാരെ ട്രോഫി, സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഝാര്‍ഖണ്ഡ് ടീമിലേക്കാണ് ധോണി തിരിച്ചെത്തുന്നത്. ശാരീരിക ക്ഷമതയും മികവും നിലനിര്‍ത്താനാണ് ആഭ്യന്തരക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവെന്ന് ഏകദിന നായകന്‍ അറിയിച്ചു.

തനിക്ക് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ താല്‍പര്യമുണ്ടെന്ന് ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയ്ക്കിടെ ധോണി ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു. അഭ്യര്‍ത്ഥന സ്വീകരിച്ച അസോസിയേഷന്‍, വിജയ് ഹസാരെ, മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ധോണിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഏറെനാളത്തെ ഇടവേള വരുന്നതാണ് ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും പാഡണിയാന്‍ താരത്തെ പ്രേരിപ്പിച്ചത്.

മുഷ്താഖ് അലി ട്വന്റി 20 ജനുവരിയിലും, വിജയ് ഹസാരെ ട്രോഫി ഫെബ്രുവരിയിലും ആരംഭിക്കും. അതേസമയം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ഝാര്‍ഖണ്ഡ് ടീമിനു ഏറെ കരുത്തു പകരുമെന്നു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ധോണിയുടെ തിരിച്ച് വരവ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശത്തിരയുണ്ടാക്കിയിരിക്കുകയാണ്.