സത്യസന്ധമായ അന്വേഷണമല്ല വിജിലന്‍സ് നടത്തിയത്; ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് പ്രത്യേക താല്‍പര്യമെന്ന് ഇന്റലിജന്‍സ്

single-img
8 November 2016

 

sukesan-mani

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിനും വിവാദത്തിനും കാരണം വിജിലന്‍സ് എസ് പി സുകേഷന്റെ പ്രത്യേക താല്‍പര്യമെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തിന്റെ ഓരോഘടത്തിലും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുത്ത് സംഭവം വിവാദമാക്കുകയായിരുന്നു വിജിലന്‍സ് ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സത്യസന്ധമായ അന്വേഷണമല്ല, മറിച്ച് മറ്റ് പല താല്‍പര്യങ്ങളും വിജിലന്‍സിനുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വിജിലന്‍സിന്റെ ഈ അന്വേഷണ രീതി. മാണിയെ ആദ്യം കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്ത എസ് പി പിന്നീട് നിലപാട് തിരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഒടുവില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതിനാലാണ് നിലപാട് തിരുത്തിയതെന്ന് മലക്കം മറിഞ്ഞതിന്റെയെല്ലാം കാരണങ്ങളാണ് ഐബി റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.

ബാര്‍ കോഴക്കേസില്‍ ചില ഗൂഢാലോചനകള്‍ നടന്നുവെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഐബി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുകേഷനും പരാതിക്കാരനായ ബിജു രമേശുമായി നേരത്തെ തന്നെയുണ്ടായിരുന്ന അടുപ്പവും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എസ് പിയെ കുറ്റക്കാരനായി കണ്ടെത്തിയതുമെല്ലാം ഐബി റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

ബാര്‍ ഉടമ ബിജു രമേശനുമായി ചേര്‍ന്ന് സുകേഷന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സുകേഷനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്ത് പരിഗണിച്ചായിരുന്നു ഇത്. ബിജു രമേശും സുകേഷനും കേസില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതും.

സുകേഷന്‍ ഇപ്പോള്‍ കോടതിയില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ മൊഴി നല്‍കിയത് ഈ വൈരാഗ്യം മൂലമാണെന്നാണ് ഐബിയുടെ നിഗമനം. അതേസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് കെഎം മാണിയുമായി കൂട്ടുചേരാനുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ തന്ത്രമായാണ് ചില വൃത്തങ്ങള്‍ ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കാണുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ ഐബി അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സാധാരണ നടപടിയാണെങ്കിലും ബിജെപി കേരള കോണ്‍ഗ്രസുമായി ഒരു സഖ്യം ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു തുറന്ന ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.