കുരങ്ങന്മാര്‍ക്ക് പകരം മറ്റേതെങ്കിലും വന്യമൃഗങ്ങള്‍: ഹിമാചലിനെ സഹായിക്കാന്‍ മൂന്ന് സംസ്ഥാനങ്ങള്‍ തയ്യാര്‍

single-img
8 November 2016

 

monkeys-759

ഷിംല: കൃഷിക്കും വിനോദസഞ്ചാരമേഖലയ്ക്കും ഭീഷണിയായി തുടരുന്ന കുരങ്ങന്‍മാരെ മറ്റു സംസ്ഥാനങ്ങളുമായി കൈമാറ്റം ചെയ്യുകയെന്ന ആശയവുമായി ഹിമാചല്‍ പ്രദേശ് രംഗത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലന്‍ഡ്, അരുണാചല്‍, മിസോറാം എന്നിവിടങ്ങളിലേക്ക് ഹിമാചലില്‍ നിന്ന് കുരങ്ങുകളെ നല്‍കാനും പകരം ഹിമാചലിലെ മൃഗശാലയിലേക്ക് അവിടെനിന്നുള്ള വന്യമൃഗങ്ങളെ സ്വീകരിക്കാനും ധാരണയായി. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തരുണ്‍ കുമാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഈ ആശയം മുന്നോട്ട് വച്ചത്. മൂന്ന് സംസ്ഥാനങ്ങളും ഈ ഇടപാടിന് അനുകൂലമായി പ്രതികരിച്ചുവെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്.

ഹിമാചല്‍പ്രദേശില്‍ കുരങ്ങ് ശല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇതോടെ തീരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഈ നടപടിയിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് അധികൃതരുടെപ്രതീക്ഷ. ഷിംല പോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ കുരങ്ങുകള്‍ ആക്രമിക്കുന്ന സംഭവങ്ങളും ഇതോടെ കുറയ്ക്കാനാകുമെന്നും കരുതുന്നു. ആദ്യ ഘട്ടത്തില്‍ 500 മുതല്‍ 800 കുരങ്ങുകളെ പിടികൂടാനാണ് പദ്ധതി. പിടികൂടുന്നവര്‍ക്ക് 500 രൂപ മുതല്‍ 700 രൂപ വരെ നല്‍കും. ശല്യം വ്യാപകമായ ചില പ്രദേശങ്ങളിലെ കുരങ്ങുകളെ കൊല്ലാന്‍ നാട്ടുകാര്‍ക്ക് നിയമപരമായി അനുവാദമുണ്ടെന്നും തരുണ്‍ കുമാര്‍ വ്യക്തമാക്കി. കുരങ്ങുശല്യത്തിന് പരിഹാരമെന്നോണം 2007 മുതല്‍ ഒരു ലക്ഷത്തിലധികം കുരങ്ങുകളെയാണ് ഹിമാചല്‍ സര്‍ക്കാര്‍ വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുള്ളത്.

കേരളത്തില്‍ തെരുനായ പ്രശ്നം പരിഹരിക്കാന്‍ യാതൊരു വഴിയുമില്ലാതെ നില്‍ക്കുമ്പോഴാണ് ഹിമാചല്‍ പ്രദേശിലെ പ്രശ്ന പരിഹാരം കേരളത്തിനു മാതൃകയാവുന്നത്. ഈ മാതൃക പിന്തുടര്‍ന്നാല്‍ മൃഗസ്‌നേഹികളുടെ എതിര്‍പ്പില്ലാതെ തന്നെ ഇവിടുത്തെ തെരുവുനായ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കും.