സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന് അമീര്‍ ഒപ്പുവെച്ചു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ജോലിക്ക് ഏറ്റവും കുറഞ്ഞ പരിഗണന

single-img
8 November 2016

 

qatar
ദോഹ: മാനവ വിഭവശേഷി സംബന്ധിച്ച 2016-ലെ 15-ാം നമ്പര്‍ നിയമത്തില്‍ സ്വദേശിവത്കരണം ശക്തമാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. ജോലിക്കുള്ള അനുമതി മുതല്‍ വാര്‍ഷിക അവധി, വിരമിക്കല്‍, വിരമിക്കുന്ന സമയത്തെ ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക വ്യവസ്ഥകള്‍ ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം.

പുതിയനിയമം പ്രകാരം ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പൊതുജോലികളുടെ വിഭജനവും വ്യവസ്ഥകളും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തൊഴില്‍ ഘടന തയ്യാറാക്കണം.

പുതിയ നിയമ പ്രകാരം സര്‍ക്കാര്‍, പൊതുമേഖലകളില്‍ ജോലിക്ക് മുന്‍ഗണന ഖത്തറി പൗരന്മാര്‍ക്കാണ്. പൗരന്മാര്‍ക്കുശേഷം ഖത്തറികളല്ലാത്തവരെ വിവാഹം ചെയ്ത ഖത്തറി വനിതകളുടെ മക്കള്‍ക്കാണ് പരിഗണന. അതിനുശേഷം ഖത്തറികളല്ലാത്ത വനിതകളെ വിവാഹം ചെയ്ത ഖത്തറി പൗരന്മാരുടെ മക്കള്‍ക്കും പിന്നീട് മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അറബ് പ്രവാസികള്‍ക്കുമാണ്. ഏറ്റവും അവസാനമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പരിഗണന നല്‍കുന്നത്.

ജഡ്ജിമാര്‍, അസി. ജഡ്ജിമാര്‍, പബ്ലിക് പ്രോസിക്യൂഷനിലെ അംഗങ്ങള്‍, അവരുടെ അസിസ്റ്റന്റുമാര്‍, അമിരീ ദിവാനിലെ ഉദ്യോഗസ്ഥര്‍, ഡിപ്ലോമാറ്റിക് കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍, സര്‍വകലാശാലയിലെ അധ്യാപകര്‍, ഖത്തര്‍ പെട്രോളിയം ഉദ്യോഗസ്ഥര്‍, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുതിയ നിയമം ബാധകമല്ല.

തൊഴില്‍ കരാറിലൂടെയാണ് എല്ലാ കേസുകളിലും ഖത്തറികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം അറുപതാണെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ കരാര്‍ അവസാനിക്കല്‍, രാജി, അനാരോഗ്യം, അച്ചടക്ക നടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടല്‍, പൊതുജനതാല്‍പര്യാര്‍ഥം പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം, കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനെതിരെയുള്ള അന്തിമവിധി, ഖത്തറി പൗരാവകാശം ഒഴിയല്‍, മരണം എന്നീ കാരണങ്ങളിലും ഉദ്യോഗസ്ഥന്റെ ജോലി അവസാനിക്കുന്നു.

അതേസമയം, പൊതുജനതാത്പര്യ പ്രകാരം പെന്‍ഷന്‍ പ്രായം കഴിഞ്ഞാലും ഒരു ഉദ്യോഗസ്ഥന് ജോലിയില്‍ തുടരാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട അതോറിറ്റി വര്‍ഷികാടിസ്ഥാനത്തില്‍ സേവന കാലാവധി നീട്ടിയ ഉത്തരവ് നല്‍കണം. അഞ്ചുവര്‍ഷം കാലാവധി കഴിഞ്ഞ് വീണ്ടും ഉദ്യോഗസ്ഥന്റെ സേവനം നീട്ടണമെങ്കില്‍ പ്രധാനമന്ത്രിക്ക് ഉത്തരവ് നല്‍കാം. അണ്ടര്‍ സെക്രട്ടറിമാരുടെ സേവന കാലാവധി നീട്ടണമെങ്കില്‍ അമീറിന്റെ ഉത്തരവ് ആവശ്യമാണ്.