ബഹിരാകാശത്ത് നിന്നും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട്; ഷെയ്ന്‍ കിംബ്രോഹ് നിലവില്‍ ബഹിരാകാശത്തുള്ള ഏക അമേരിക്കന്‍ വോട്ടര്‍

single-img
8 November 2016

 

nasa-astronaut

മിയാമി: അമേരിക്കയില്‍ വോട്ടെടുപ്പിന് സ്ഥലം എവിടെയാണങ്കിലും കുഴപ്പമെന്നുമില്ല. ബഹിരാകാശ യാത്രികന്‍ ബഹിരാകാശത്ത് നിന്നും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. നാസയുടെ ബഹിരാകാശ യാത്രികനായ ഷെയ്ന്‍ കിംബ്രോഹാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്തത്. നിലവില്‍ ബഹിരാകാശത്തുള്ള ഏക അമേരിക്കന്‍ യാത്രികനാണ് കിംബ്രോ്ഹ.

ടംബ്ലറിലൂടെ നാസ തന്നെയാണ് വോട്ട് ചെയ്ത വിവരം പുറത്തുവിട്ടത്. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും അയച്ചു കൊടുത്ത ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന്‍ വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഇമെയില്‍ വഴി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു. ആറ് മാസം മുമ്പ് തന്നെ യാത്രികന് വോട്ട് രേഖപ്പെടുത്താനുള്ള രേഖകള്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരുന്നു.

രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സിയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് കിംബ്രോഹ് ബഹിരാകാശ നിലയത്തിലെത്തിയത്. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസം കിംബ്രോഹ് ബഹിരാകാശത്ത് കഴിയും. 1997ല്‍ ഡേവിഡ് വോള്‍ഫ് ആണ് ബഹിരാകാശത്ത് വെച്ച് വോട്ട് ചെയ്ത ആദ്യ യുഎസ് യാത്രികന്‍. റഷ്യന്‍ സ്‌പേസ് സ്റ്റേഷനായ മിറില്‍വെച്ചാണ് വോള്‍ഫ് വോട്ട് രേഖപ്പെടുത്തിയത്.