അമേരിക്കന്‍ തെരഞ്ഞെടുപ്പ്: സര്‍വേകളില്‍ ഹിലാരി ക്ലിന്റണ്‍ മുന്നില്‍; ഹിലാരിക്കായി വരാണസിയിലും ട്രംപിനായി മുംബൈയിലും ക്ഷേത്രങ്ങളില്‍ പൂജ

single-img
8 November 2016

 

hillari-trump

മുംബൈ/വരാണസി: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ അവസാനവട്ട സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ് വ്യക്തമായ മുന്‍തൂക്കം. പല സര്‍വേകളിലും അഞ്ച് ശതമാനത്തിലേറെ വോട്ടാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഹിലാരി നേടിയത്.

വാഷിംഗ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വേയില്‍ ട്രംപ് 43 ശതമാനം പിന്തുണയും ഹിലാരി 48 ശതമാനം പിന്തുണയുമാണ് നേടിയത്. പൊളിറ്റിക്കോയും മോര്‍ണിംഗ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനവും നടത്തിയ സര്‍വേയില്‍ ട്രംപിന് 42 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഹിലാരി 45 ശതമാനം വോട്ട് നേടി. പുതിയ സര്‍വേ ഫലങ്ങളില്‍ ഒന്നിലും 44 ശതമാനത്തിലധികം വോട്ട് നേടാന്‍ ട്രംപിന് സാധിച്ചില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍്കകിടയില്‍ ട്രംപിന് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതിന് സാധിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ട്രംപിനും ഹിലാരിക്കുമെതിരെയുണ്ടായ വിവാദങ്ങളാണ് പ്രചരണത്തെയും ഇരുവരുടെയും വിജയസാധ്യതകളെയും മാറ്റിമറിച്ചത്. ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങളും ഹിലാരിക്കെതിരെ ഇ-മെയില്‍ വിവാദവുമാണ് ഉണ്ടായത്. അതേസമയം ഇ-മെയില്‍ വിവാദത്തില്‍ ഹിലാരി കുറ്റക്കാരിയല്ലെന്ന് എഫ്ബിഐ മേധാവി ജെയിംസ് കോമി ഇന്നലെ വെളിപ്പെടുത്തിയെങ്കിലും ഇത് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് എത്രമാത്രം ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

അതേസമയം ഹിലരിയുടെ വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ കാശിയിലും ട്രംപിന്റെ വിജയത്തിനായി മുംബൈയിലെ ഹൈന്ദവക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ നടന്നു. കാശിയിലെ സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തിലായിരുന്നു ഹിലാരിക്ക് വേണ്ടി പൂജ നടത്തിയത്. അഞ്ചംഗ ബ്രാഹ്മണ സംഘമാണ് പൂജ നടത്തിയത്.

ഹിലരിയുടെ ജയം ഇന്ത്യാഅമേരിക്കന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് ബിജെപി നേതാവും സംഘാടകനുമായ ഗുല്‍ഷന്‍ കപൂര്‍ പറഞ്ഞു. ഹിലരിക്കും മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ കിന്റണും ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. ഭീകരവാദത്തിനെതിരെയുള്ള സ്ത്രീകളുടെ ശക്തിയെ കാണിക്കുന്നതായിരിക്കും ഹിലരിയുടെ ജയമെന്നും കപൂര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വച്ച് പ്രത്യേക പൂജ നടത്തിയത്. അമേരിക്കയില്‍ താമസമാക്കിയ ഒരു സംഘം മുംബൈ സ്വദേശികളാണ് പൂജ നടത്തുന്നതിന് വേണ്ടി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേശ് ജോഷി പറഞ്ഞു. വിജയപ്രാപ്തി യജ്ഞം ഉള്‍പ്പെടെയാണ് ട്രംപിനായി നടത്തിയത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിനും ഭീകരവാദം തുടച്ചുനീക്കുന്നതിനും ട്രംപ് ജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവര്‍ അഭിപ്രായപ്പെട്ടതായി ക്ഷേത്ര ഭാരവാഹി അറിയിച്ചു.