ഈ ടീച്ചറെ ഞങ്ങള്‍ക്ക് വേണ്ട; ശശികല ടീച്ചര്‍ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

single-img
7 November 2016

kp-shashikala-teacher-1
വല്ലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ തങ്ങളെ പഠിപ്പിക്കേണ്ടെന്ന് ആഹ്വാനം ചെയ്ത് വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്താഞ്ഞതോടെ ഇന്ന് സ്‌കൂള്‍ അധികൃതര്‍ ക്ലാസ്സുകള്‍ക്ക് അവധി പ്രഖാപിച്ചു. വിഷയം പരിഹരിക്കുന്നതിനു വേണ്ടി ഈ മാസം സര്‍വകക്ഷി യോഗം വിളിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരിക്കുന്നതും ഇതേ തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്നതും. നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിച്ച് കെ.പി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്തെത്തിയത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌ക്കരണം.

ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഐക്യം തകര്‍ത്തുകൊണ്ടിരിക്കുന്ന കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുന്ന ശശികലയെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.

സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തത്.