സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പ്രമുഖ കന്നട നടന്‍മാര്‍ മരിച്ചു; സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയത് നായകന് മാത്രം

single-img
7 November 2016

 

actors

സിനിമ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ടു പ്രമുഖ കന്നട നടന്‍മാര്‍ മരിച്ചു. ഹെലികോപ്റ്ററില്‍ നിന്നും നടക്കുന്ന ഫൈറ്റ് സീനിനിടയിലാണ് അപകടം സംഭവിച്ചത്.

കന്നട സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന അനില്‍, രാഘവ് ഉദയ് എന്നിവരാണ് മരിച്ചത്. ബംഗളൂരിവില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയുള്ള മാഗദി റോഡിലെ തിപ്പഗൊണ്ടനഹള്ളി എന്ന തടാകത്തിലാണ് അപകടമുണ്ടായത്. സംവിധായകന്‍ നാഗശേഖറിന്റെ മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് തടാകത്തില്‍ നടക്കുന്നതിനിടെയാണ് അപകടം.

നായകന്‍ ദുനിയാ വിജയും വില്ലന്മാരായ അനിലും രാഘവ് ഉദയും ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതായിരുന്നു സീന്‍. ചാടി അല്‍പ സമയം കഴിഞ്ഞപ്പോള്‍ ദുനിയാ വിജയ് നീന്തി കരക്കെത്തി. മറ്റു രണ്ടുപേര്‍ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു. ഇവര്‍ക്ക് രണ്ടാള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

നായകന് മാത്രമെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയും അപകടം നിറഞ്ഞ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സെറ്റില്‍ ആംബുലന്‍സ്, സ്പീഡ് ബോട്ട് തുടങ്ങിയ സംവിധാനങ്ങളെന്നും ഉണ്ടായിരുന്നില്ല.

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയന്‍ സിനിമ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന്റെ വേദന ഇപ്പോഴും എല്ലാവരുടെയും ഉള്ളില്‍ നില്‍ക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ ഞെട്ടലിലാണ് സിനിമപ്രേമികള്‍.

https://www.youtube.com/watch?v=2ujTS6EE0A8