വാങ്ങി ഒരുമാസം 745 കിലോമീറ്റര്‍ ഓടിയപ്പോഴേക്കും ബെന്‍സ് കട്ടപ്പുറത്തായി; മാറ്റിത്തരാനാകില്ലെന്ന് രാജശ്രീ മോട്ടോഴ്‌സ്; 80 ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് കാറിനു മുകളില്‍ റീത്ത് വെച്ച് ഉടമയുടെ പ്രതിഷേധം

single-img
7 November 2016

benz

തിരുവനന്തപുരം: വാങ്ങിയിട്ട് ഒരുമാസം പോലും തികയും മുന്‍പ് ബെന്‍സും കട്ടപ്പുറത്തായി. തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയായ അനില്‍കുമാര്‍ അപ്പുക്കുട്ടന്‍ നായര്‍ക്കാണ് ബെന്‍സ് വാങ്ങി പണി കിട്ടിയത്.

ഒക്ടോബര്‍ 6നാണ് 80 ലക്ഷം രൂപ വിലമതിക്കുന്ന GLE 250 മോഡല്‍ ബെന്‍സ് കാര്‍ എറണാകുളത്തെ രാജശ്രീ മോട്ടോഴ്സില്‍ നിന്നും വാങ്ങിയത്. കാര്‍ വാങ്ങിയതിന് ശേഷം ആകെ 745 കാലോമീറ്റര്‍ മാത്രമെ സഞ്ചരിച്ചിട്ടുള്ളു. അതിനുള്ളില്‍ ഗിയര്‍ബോക്സ് കേടായി. വണ്ടി വാങ്ങി കേവലം പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഗിയര്‍ ബോക്‌സ് കേടായത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ബെന്‍സിന്റെ ഔദ്യോഗിക വര്‍ക്‌ഷോപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്നു തന്നെ ഇദ്ദേഹം വാഹനത്തിന്റെ ഡീലര്‍മാരായ രാജശ്രീ മോട്ടോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.

benz1

എന്നാല്‍ അപ്പോള്‍ കിട്ടിയ മറുപടി വേണമെങ്കില്‍ കേടായ ഗിയര്‍ബോക്‌സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു. ആറുമാസം വരെ വാറണ്ടി നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പൈസ തിരികെ നല്‍കാനോ അല്ലെങ്കില്‍ പുതിയത് നല്‍കാനോ ഷോറും ജീവനക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് അനില്‍ കുമാര്‍ കാറിനു മുകളില്‍ റീത്തുകള്‍ വെച്ച് ഷോറൂമിന് മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയിട്ടിരിക്കുകയാണ്.

റോഡ് ടാക്‌സും ഇന്‍ഷുറന്‍സ് തുകയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.