ബന്ധു നിയമനങ്ങളില്‍ ആരും തുണച്ചില്ല; ജയരാജന്റെ നിയമനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍

single-img
7 November 2016

 

ep-jayarajan2

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ വീഴ്ചയുണ്ടായതായി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിയമനങ്ങളില്‍ ചിലത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നെന്നും ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.

റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. വ്യവസായമന്ത്രിയായിരിക്കെ ഇ പി ജയരാജന്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചുവെന്ന ആരോപണത്തിലാണ് അന്വേണം നടത്തിയത്. ആരോപണത്തെ തുടര്‍ന്ന് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ചീഫ് സെക്രട്ടറി വ്യവസായ വകുപ്പില്‍ നിന്നാണ് വിളിച്ചുവരുത്തിയത്. ഓരോ നിയമനം സംബന്ധിച്ചും വ്യവസായ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം തേടിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിയമനങ്ങള്‍ക്കായുള്ള ഫയല്‍നീക്കം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയാതെയായിരുന്നു നിയമനങ്ങള്‍ നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. തെറ്റുതിരുത്തേണ്ടവര്‍ മൗനം പാലിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം.

കൂടാതെ നിയമന ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. കൂടാതെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങളും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മാധ്യമങ്ങളെ അറിയിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പാര്‍ലമെന്റംഗവുമായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ചതാണ് വിവാദമായത്. പിന്നാലെ മറ്റ് അനധികൃത നിയമനങ്ങളും പുറത്തുവരികയായിരുന്നു. നിയമനങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട ശേഷമാണ് മുഖ്യമന്ത്രി ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്.