ഭിന്നലിംഗക്കാരായവരെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു

single-img
6 November 2016

geetha-1

ടിവി ഷോയ്ക്കിടെ ഭിന്നലിംഗക്കാരെ അപമാനിച്ച നടി ഗീതയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുമായി ഒരു തെലുങ്ക് ടിവി ചാനല്‍ പരിപാടിക്കിടെയാണ് നടി ഗീത ന്യൂനപക്ഷ ദമ്പതികളെ അധിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന് നടിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

തെലുങ്ക് ചാനലായ സീ തെലുങ്കിലെ ‘ഭത്തുകു ജാതക ബന്ധി’ എന്ന പരിപാടിക്കിടെയാണ് സംഭവം. ദമ്പതികളുടെ ലൈംഗീകതയെ അധിക്ഷേപിക്കുകയും അവരുടെ സ്‌നേഹവും ലൈംഗിക വ്യക്തിത്വവും പാപം ആണെന്നും ഗീത പറഞ്ഞു. 20 വയസുള്ള വനിതയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയ 23 വയസുള്ള വ്യക്തിയുമാണ് പരിപാടിയില്‍ അപമാനിതരായത്. പരിപാടിക്കിടെ ഗീത ആദ്യം യുവാവിനെയാണ് വിളിച്ച് സംസാരിച്ചത്. പിന്നീട് സ്ത്രീയോടും മാതാപിതാക്കളോടും മനോരോഗ വിദഗ്ധനോടും അഭിഭാഷകനോടും സംസാരിച്ചു. പിന്നീട് ദമ്പതികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഗീത ഇരുവരുടേയും മാതാപിതാക്കള്‍ക്ക് അവരെ ശരിയായ പാതയിലേക്ക് കൊണ്ടുവരനുള്ള ഉപദേശങ്ങളും നല്‍കി.

പുരുഷനായി മാറാനുണ്ടായ കാരണങ്ങള്‍ ലിംഗവ്യതിയായനം നടത്തിയ ദമ്പതി വിശദീകരിക്കവേയാണ് ഗീത അധിക്ഷേപ പരാമര്‍ശങ്ങള്‍ ആരംഭിച്ചത്. നടി ഇയാളുടെ ലൈംഗിക വ്യക്തിത്വം വകവയ്ക്കാതെ ‘അവള്‍’ എന്ന തരത്തിലാണ് അഭിസംബോധന ചെയ്തത്. ലൈംഗിക താല്‍പര്യത്തില്‍ മാറ്റമുണ്ടായപ്പോള്‍ മാതാപിതാക്കള്‍ ചെറുപ്പകാലത്ത് ‘തിരുത്താന്‍’ ശ്രമിച്ചിരുന്നില്ലേയെന്നും ഗീത ചോദിച്ചു. ദമ്പതികള്‍ക്കിരുവര്‍ക്കും എല്ലാക്കാലത്തും സുഹൃത്തുക്കളായി കഴിയാമെന്നും എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ വിവാഹം നാണംകെട്ട പ്രവൃത്തിയാണെന്നും നടി ഉപദേശിച്ചു.

പെണ്‍കുട്ടിയോട് ‘നിനക്ക് നാണമില്ലേ’ എന്ന് നിരവധി തവണ ചോദ്യം ആവര്‍ത്തിച്ച ഗീത നിന്നെ ഞാന്‍ വലിച്ചെറിയുമെന്നും ചെരുപ്പൂരി അടിക്കുമെന്നും ഭീഷണിപ്പെടുത്തി. നിങ്ങള്‍ എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഗീത ചോദിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് യുവതിയെ കെട്ടിയിടാനും മറ്റാരെങ്കിലുമായി വിവാഹം കഴിപ്പിച്ച് ദൂരെയെവിടേയ്‌ക്കെങ്കിലും അയയ്ക്കാനും നടി ഉപദേശിക്കുന്നുണ്ട്.