കോടതിയുടെ വരാന്തയില്‍ അന്ന് ഞാന്‍ ഇരയായിരുന്നു; ലൈംഗിക പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്

single-img
6 November 2016

indira-jaising-l100632

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനില്‍ നിന്നും തനിക്ക് പീഡനമേറ്റിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകയും ആദ്യ വനിത അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഇന്ദിര ജെയ്‌സിംഗ്. ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര ജെയ്‌സിംഗിന്റെ വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പ് സുപ്രീംകോടതിയുടെ തിരക്കേറിയ ഇടനാഴിയില്‍ വെച്ചാണ് തനിക്ക് നേരെ കയ്യേറ്റമുണ്ടായതെന്ന് ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളില്‍ പരസ്പരം തട്ടിപ്പോവുന്നത് അറിയാതെയാണോ മനപ്പൂര്‍വമാണോയെന്ന് മനസിലാക്കാന്‍ കഴിയുമെന്നും ഇന്ദിര ജെയ്‌സിംഗ് കൂട്ടിച്ചേര്‍ത്തു. അഭിഭാഷകനെതിരെ പരാതി നല്‍കിയില്ലെന്നും പക്ഷെ തടഞ്ഞു നിര്‍ത്തി സംസാരിച്ചെന്നും ഇന്ദിര പറഞ്ഞു.

കോടതികളില്‍ വനിതാ അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പീഡനമേല്‍ക്കുന്നുണ്ട്. സഹ ജഡ്ജിയുടെ പീഡനത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന വനിതാജഡ്ജിയുടെ കേസ് താന്‍ വാദിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ ഇന്റേണുകളെ ജഡ്ജമാര്‍ പീഡിപ്പിച്ച സംഭവമുണ്ടായിരുന്നു. ഇന്റേണുകളുടെ പോലും സ്ഥിതി ഇതാണെങ്കില്‍ പ്രശ്‌നം അതീവ ഗുരുതരമാണെന്നും ജെയ്‌സിംഗ് പറഞ്ഞു. കോടതികളില്‍ വനിത അഭിഭാഷകര്‍ക്ക് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്നും ഇത് കൊണ്ടാണ് പ്രൊഫഷനില്‍ നിന്നും സ്ത്രീകള്‍ പുറത്തു പോകുന്നതെന്നും അഭിമുഖത്തില്‍ ഇന്ദിര ജെയ്‌സിംഗ് പറയുന്നു. നിയമസംരക്ഷകര്‍ തന്നെ സ്ത്രീകളെ ബഹുമാനിക്കാതെ പോകുന്നത് ഭാരതത്തിന്റെ ശാപമെന്ന ഓര്‍മപ്പെടുത്തല്‍ ആണെന്നതാണ് ഇത്തരം വാര്‍ത്തകള്‍ ചൂണ്ടികാണിക്കുന്നത്.