വടക്കാഞ്ചേരി ബലാല്‍സംഗ ഇരക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം കിട്ടിയില്ലെന്ന് ഭാഗ്യലക്ഷ്മി; നടപടികളില്‍ അമാന്തമുള്ളതായി സംശയം

single-img
6 November 2016

 

bhagya-lakshmi
തൃശൂര്‍: വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ ഇരയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ഇതുവരേയും സമയം അനുവദിച്ച് കിട്ടിയിട്ടില്ലെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിയുടെ മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും ഇതുവരേയും മുഖ്യമന്ത്രിയെ കാണാന്‍ സമയം തന്നിട്ടില്ല. ഒരു അമാന്തം നടപടികളിലുണ്ടാവുന്നതായി തോന്നുന്നു.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പാര്‍ട്ടി നേതാക്കളോട് കൂടി ആലോചിച്ചിട്ടാവും സമയം അനുവദിക്കുക. അതാവും അല്‍പം വൈകുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ദിവസം തന്നെ മുഖ്യമന്ത്രിയെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും സമയം കിട്ടിയില്ല. ഇന്നലേയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നതായും ഭാഗ്യലക്ഷ്മി പറഞ്ഞു

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അദ്ദേഹവും പോസിറ്റീവായാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വേഗത്തിലാക്കാന്‍ ശ്രമിക്കാമെന്നും പറഞ്ഞതായും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സിപിഐഎം കൗണ്‍സിലര്‍ ആരോപണവിധേയനായ വടക്കാഞ്ചേരിയിലെ കൂട്ടബലാല്‍സംഗ കേസ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറം ലോകമറിഞ്ഞത്.