അസം ചാനലായ ന്യൂസ് ടൈമിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക്

single-img
6 November 2016

ndtvnewstimeassam

ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ ഹിന്ദി ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയിക്ക് പുറമേ അസമീസ് വാര്‍ത്താ ചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക്. ഒരു ദിവസത്തേക്ക് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെക്കാനാണ് അസം ചാനലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്‍ഡിടിവി ഹിന്ദി ചാനലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന നവംബര്‍ ഒമ്പതിനു തന്നെയാണ് ന്യൂസ് ടൈം അസമിനോടും പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മാധ്യമധര്‍മം മറന്നു എന്നതിന്റെ പേരിലാണ് ന്യൂസ് ടൈം അസമിന് കേന്ദ്രം ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചാനല്‍ വാര്‍ത്ത കൊടുത്തെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. അത് വളരെ തെറ്റായ കാര്യമാണ്, വിഷയത്തില്‍ 2013ല്‍ ഷോകോസ് നല്‍കിയിരുന്നെന്നും ചാനലിന്റെ വിശദീകരണം കേട്ട ശേഷം മന്ത്രിതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി സംപ്രേക്ഷണം ചെയ്‌തെന്നും മൃതദേഹങ്ങളുടെ ഭയാനകമായ ദൃശ്യങ്ങള്‍ കാണിച്ചെന്നും ചാനലിനെതിരെ ആരോപണമുണ്ട്.

ജനുവരിയിലെ പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ടിങ്ങിന്റെ പേരിലാണ് എന്‍ഡിടിവി ഹിന്ദി ചാനലിന് കേന്ദ്രവിലക്ക് വന്നത്. റിപ്പോര്‍ട്ടില്‍ പഠാന്‍കോട്ടവ്യോമതാവളത്തിലെ ആയുധങ്ങളുടെ വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടെന്നതാണ് വിലക്കിന് കാരണമായത്.