ഡേ കെയറില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 62കാരന്‍ പിടിയില്‍; പീഡനവിവരം അധ്യാപകര്‍ മറച്ച് വെച്ചു

single-img
6 November 2016

 

child-abuse-600005

കൊച്ചി: രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 62കാരന്‍ അറസ്റ്റില്‍. ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് സാം കിഡ്സ് എന്ന ഡേ കെയര്‍ സ്ഥാപനത്തിലാണ് കുട്ടി പീഡനത്തിന് ഇരയായത്. ഡേ കെയറിനുള്ളില്‍ ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടു പോയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

രണ്ട് ദിവസം മുമ്പാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിനെക്കുറിച്ച് അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ഇവര്‍ പുറത്തു പറഞ്ഞില്ല. അധ്യാപകര്‍ സെക്യൂരിറ്റി ജീവനക്കാരനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി സംഭവം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി പീഡനവിവരം വീട്ടില്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. സംഭവം മറച്ചുവെച്ച അധ്യാപകര്‍ക്കെതിരേയും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ മറ്റൊരു ഡേ കെയര്‍ സ്ഥാപനത്തില്‍ രണ്ട് വയസുകാരന്‍ മുങ്ങി മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പീഡന വാര്‍ത്തയും പുറത്തുവരുന്നത്.