വീണ്ടും പാക് പ്രകോപനം: ഒരു ഇന്ത്യന്‍ സൈനികന് കൂടി വീരമൃത്യു

single-img
6 November 2016

 

indian-army

കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പുഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ തുടങ്ങിയ വെടിവയ്പ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണ്. ജനവാസ കേന്ദ്രങ്ങളും പ്രതിരോധ മേഖലകളും ഉള്‍പ്പെടെ നാലു സ്ഥലങ്ങളിലാണ് പാകിസ്ഥാന്റെ ആക്രണമുണ്ടായത്. അതേസമയം ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പാകിസ്ഥാന്‍ നടത്തുന്നത് പോലെ ഷെല്ലാക്രമണം തന്നെയാണ് ഇന്ത്യയും നടത്തുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ എട്ട് ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 സാധാരണക്കാരും ഏറ്റുമുട്ടലുകള്‍ക്കിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സൈനികനെ തലയറുത്ത് കൊലപ്പെടുത്തിയതിന് പകരം ഇന്ത്യ ഇക്കഴിഞ്ഞ 29ന് പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. നാല് പാക് പട്ടാള പോസ്റ്റുകള്‍ തകര്‍ത്ത ഇന്ത്യ 20 പാക് സൈനികരെ വധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഉറി ഭീകരാക്രമണത്തിന് പകരം സെപ്തംബറില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു 29ന് നടന്നത്. ഇന്ത്യയുടെ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഇതുവരെ നൂറിലേറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്.