സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസ്;കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സർക്കാർ

single-img
4 November 2016

asdasd

വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തു നിന്ന് അനില്‍ അക്കരെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അതേസമയം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അനില്‍ അക്കരെയ്ക്ക് കേസന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് മുന്നില്‍ പറയാമെന്ന മന്ത്രിയുടെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. ഇതോടെ പ്രസ്താവന മന്ത്രി പിന്‍വലിച്ചു.

മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനമായി. ഇതിനായി ഐജി. എം.ആര്‍. അജിത് കുമാര്‍ നിര്‍േദശം നല്‍കി. അന്വേഷണത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ മതിയായ ഗൗരവം കാട്ടിയില്ലെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ആരോപണ വിധേയനായ പി.എന്‍.ജയന്തനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ സിപിഎം ഇന്നു തീരുമാനമെടുത്തേക്കും. കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നും തുടര്‍ന്നു ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചെന്നുമുള്ള യുവതിയുടെ ആരോപണം ശരിയാണോയെന്നാണു പൊലീസ് ആദ്യം അന്വേഷിക്കുന്നത്.