പോലീസുകാര്‍ കള്ളിയെന്ന്  മുദ്രകുത്തി വൃദ്ധയെ മോഷ്ടാവാക്കി കേസെടുത്തു; കിടപ്പാടം വിറ്റു വയോധിക 37,000 രൂപ കൊടുത്തു. ഒടുവില്‍ യഥാര്‍ഥ മോഷ്ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി

single-img
4 November 2016
c0311cr
വരാപ്പുഴ: പോലീസ് വയോധികയായ വീട്ടമ്മയെ കള്ളിയെന്നു മുദ്രകുത്തിയതിനെ തുടര്‍ന്ന് വീടു വിറ്റ് തൊണ്ടി മുതല്‍ കൊടുത്ത വയോധിക ഒടുവില്‍ നിരപരാധി. പൊലീസ് ഭീഷണിയും അപമാനവും ഭയവും മൂലം ആകെയുള്ള രണ്ടു സെന്റ് സ്ഥലം വിറ്റു മോഷ്ടിക്കപ്പെട്ടെന്നു പറഞ്ഞത്രയും തുക വീട്ടമ്മ പൊലീസിനു കൈമാറി. ദിവസങ്ങക്കുള്ളില്‍ മറ്റൊരു സ്റ്റേഷനില്‍ അറസ്റ്റിലായ ആളാണു യഥാര്‍ഥ മോഷ്ടാവെന്നു തെളിഞ്ഞു.
  37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതിയില്‍ പോലീസ് പിടികൂടിയ വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പ് പരേതനായ മണിയുടെ ഭാര്യ രാധ (70) യ്ക്കാണ് ദുരവസ്ഥയുണ്ടായത്. വീട്ടു പണി ചെയ്തു ഉപജീവനം നടത്തുന്ന രാധ ക്ഷീണം മൂലം പല സ്ഥലത്തും കടവരാന്തയില്‍ വിശ്രമിക്കുക പതിവാണ്. ഒരാഴ്ച മുമ്പ് വരാപ്പുഴ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ചു. എന്നാല്‍, വീട്ടില്‍ എത്തിയപ്പോഴേയ്ക്കും അവിടെ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതി യെ തുടര്‍ന്ന് പോലീസിസ് രാധയെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോയി.  തുടര്‍ന്ന് മോഷ്ടിച്ച പണം തിരികെ കൊടുക്കണമെന്ന് രാധയോട് പോലീസ് ആവശ്യപ്പെട്ടു. പണം എടുത്തില്ലെന്ന് ആണയിട്ടു പറഞ്ഞുവെങ്കിലും ചെവിക്കൊണ്ടില്ല. ഇവര്‍ ഒരിക്കലും മോഷ്ടിക്കില്ലെന്ന് നാട്ടുകാരും പറഞ്ഞു.
 വീടുവിറ്റെങ്കിലും പണം നല്‍കണമെന്ന് നിര്‍ദേശിച്ചു. അതിനാല്‍ തന്റെ വീട് ഉള്‍പ്പെടുന്ന രണ്ടു സെന്റ് സ്ഥലം വില്‍ക്കാന്‍ കരാര്‍ എഴുതി. മുന്‍കൂര്‍ തുകയായി 50,000 രൂപ ലഭിച്ചു. ഇതില്‍ നിന്ന് കിട്ടിയ 37,000 രൂപ പോലീസ് കട ഉടമയ്ക്ക് കൈമാറി.രാധ ജോലിക്കു പോയാല്‍ മാത്രമേ മകനും അവര്‍ക്കും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ കഴിയു. നാട്ടില്‍ അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പട്ടിണിയാണെങ്കിലും സ്ഥലം വിറ്റു പണം നല്‍കിയത്.
പറവൂര്‍ എസ്.ഐ പിടികൂടിയ ഒരു മോഷ്ടാവിനെ ചോദ്യം ചെയ്ുന്നയതിനിടെ വരാപ്പുഴയിലെ ഒരു ഇരുമ്പു കടയില്‍ നിന്നും പണം മോഷ്ടിച്ചതായി പോലീസിനോട് സമ്മതിക്കുകയായിരുന്നു. പോലീസ് കള്ളനെ കടയില്‍ കൊണ്ടുവന്നപ്പോള്‍ കട ഉടമയും വരാപ്പുഴ പോലീസും ഞെട്ടി.ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനായിരുന്നു നീക്കം. എന്നാല്‍, തെളിവെടുപ്പു കണ്ടുനിന്നവര്‍ വഴി വിവരം നാട്ടുകാര്‍ അറിഞ്ഞതോടെയാണു പ്രശ്‌നം വിവാദമായത്.
നിരപരാധിയായ വൃദ്ധയെ കള്ളിയെന്ന് മുദ്രകുത്തി വീട് വില്‍ക്കാന്‍ പ്രേരിപ്പിച്ചത് എസ്.ഐയ്ക്കും പോലീസുകാര്‍ക്കും കട ഉടമയ്ക്കും മനഃക്ലേശം ഉണ്ടാക്കി. വീട് വില്‍ക്കാന്‍ പറഞ്ഞ എസ്.ഐ: ക്ലീറ്റസ് രണ്ടു ദിവസം മുന്‍പ് ഹൃദയഘാതം മൂലം മരിച്ചു. രാധയെ ഇന്നലെ സ്റ്റേഷനില്‍ വിളിപ്പിച്ചു അവര്‍ മോഷ്ടിച്ചുവെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ നല്‍കി. രണ്ടു സെന്റ് സ്ഥലത്തില്‍ അടച്ചുറപ്പില്ലാത്ത ഒറ്റുമുറി വീട്ടിലാണ് രാധയും ഏകമകനും താമസിക്കുന്നത്. കള്ളിയെന്ന് പോലീസുകാര്‍ മുദ്രകുത്തിയതോടെ രാധയ്ക്ക് ജോലി ആരും കൊടുക്കാതെയായി.