ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസുകാരനാണെന്ന വികെ സിംഗിന്റെ പ്രസ്താവനെക്കെതിരെ ജവാന്റെ മകന്‍ ; തന്റെ പിതാവ് ഒരു പാര്‍ട്ടിയിലും അംഗമല്ല, രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കപ്പെട്ട വ്യക്തി.

single-img
4 November 2016

M_Id_439654_VK_Singh
ദില്ലി: ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസുകാരനാണെന്ന പ്രതിരോധ സഹമന്ത്രി വികെ സിംഗിന്റെ പ്രസ്താവനെക്കെതിരെ ജവാന്റെ മകന്‍ ദില്‍വര്‍ രംഗത്ത്. തന്റെ പിതാവ് ഒരു പാര്‍ട്ടിയിലും അംഗമല്ല, അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.

കഴിഞ്ഞ ദിവസമാണ് രാംകിഷന്‍ ഗ്രെവാളിനെതിരെ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വികെ സിംഗ് രംഗത്ത് വന്നത്. രാംകിഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍പഞ്ച് ആയിരുന്നു അദ്ദേഹം എന്നായിരുന്നു വികെ സിംഗിന്റെ വാദം. വിമുക്ത ഭടന്‍ രാംകിഷന്‍ ഗ്രെവാളിന്റെ മനോനില പരിശോധിക്കണമെന്ന വികെ സിംഗിന്റെ പ്രസ്താവനയെത്തുടര്‍ന്നുള്ള വിവാദങ്ങളുടെ ചൂടാറും മുന്‍പെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്.

അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ കിട്ടാതെ പോയത് കൊണ്ടല്ല അദ്ദേഹം ആത്മഹത്യ ചെയ്തത്. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നെന്നും ദില്‍വര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയിലെ ക്രമക്കേടിനേ തുടര്‍ന്ന് രാംകിഷന്‍ ഗ്രെവാള്‍ എന്ന വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തത്.

രാംകിഷന്റെ ആത്മഹത്യ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വിമുക്തഭടന്റെ മൃതശരീരം സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതോടെയായിരുന്നു വിവാദങ്ങളുടെ തുടങ്ങി. ജവാന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.