വടക്കാഞ്ചേരി പീഡനം: ജയന്തനെ പുറത്താക്കാൻ സിപിഎം തീരുമാനം

single-img
4 November 2016

asdasd
വടക്കാഞ്ചേരി പീഡനം: ജയന്തനെ പുറത്താക്കാൻ സിപിഎം തീരുമാനം
കൂട്ട ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. സിപിഐഎം ഏരിയ കമ്മിറ്റിയുടേതാണ് ശുപാര്‍ശ. ജില്ല കമ്മിറ്റി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. തീരുമാനം അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. കൗണ്‍സിലര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ഇന്ന് വൈകിട്ട് തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ഏരിയ കമ്മിറ്റി തീരുമാനം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി നടപടിക്ക് മുൻപായി ജയന്തനോട് കൗൺസിലർ സ്‌ഥാനം രാജിവയ്ക്കാനും സിപിഎം നേതൃത്വം ആവശ്യപ്പെടും. രാജിക്ക് ശേഷമാവും പാർട്ടി നടപടി സ്വീകരിക്കുക. ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സംസ്‌ഥാന നേതൃത്വം തന്നെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഏരിയ കമ്മിറ്റി ചേർന്ന് ജയന്തനെ പുറത്താക്കാൻ ശിപാർശ നൽകിയിരിക്കുന്നത്.

കൂട്ടബലാത്സംഗത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിനെ തുടര്‍ന്നാണ് തൃശൂരില്‍ യുവതി ബലാത്സംഗത്തിനിരായ സംഭവം വീണ്ടും ചര്‍ച്ചയായത്. ബലാത്സംഗത്തെക്കുറിച്ചും ഇതിനുപിന്നാലെ പൊലീസില്‍നിന്നു കൂടി ഇരയ്ക്കും ഭര്‍ത്താവിനും ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നു വെളിപ്പെടുത്തി കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.