സക്കീര്‍ ഹുസൈന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍; രാഷ്ട്രീയ നേതാവിന് ഗുണ്ടാബന്ധമെന്തിന്?

single-img
4 November 2016

zakir-hussain-cpm
കൊച്ചി:വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഐഎം കളമശേരി ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് നിലപാട് അറിയിച്ചത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നാളെ വിധിപറയും.

സക്കീറിനെതിരെ നിലവില്‍ 16 ക്രിമിനല്‍ കേസുകളുണ്ട്. രാഷ്ട്രീയ കേസുകള്‍ കുറവാണ്. രാഷ്ട്രീയ നേതാവിന് ഗുണ്ടാബന്ധമെന്തിനെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചു. സക്കീറിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയകാര്‍ക്ക ഗുണ്ട ബന്ധമുണ്ടാവുമ്പോഴാണ് അവര്‍ ജനങ്ങളില്‍ നിന്ന് അകലുന്നതെന്നും കോടതി പരാമര്‍ശിച്ചു.

അതേസമയം തനിക്കെതിരെയുള്ള പരാതിയില്‍ തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ഇല്ലെന്ന് സക്കീര്‍ മുന്‍കൂര്‍ ജാമ്യാമേക്ഷയില്‍ പറഞ്ഞിരുന്നു. ഇരുകൂട്ടരോടും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സക്കീര്‍ കോടതിയില്‍ പറഞ്ഞു.അതേസമയം, വനിതാ സംരംഭകയെ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി 75 ലക്ഷം രൂപയും ആഡംബര കാറും ആഭരണങ്ങളും തട്ടിയെടുത്തെന്ന കേസില്‍ സക്കീര്‍ ഹുസൈനെതിരെ ടി.എ.അബ്ദുല്‍ സലാം സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ സിദ്ദീഖിനെയും കൂട്ടാളികളെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വെണ്ണല സ്വദേശിയായ ജൂപി പൗലോസിനെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടി കൊണ്ടു പോയി എന്നതാണ് സക്കീറിനെതിരായ ജാമ്യമില്ലാ കേസ്.സി പി എം നേതാക്കള്‍ മുഖേന തന്നെ ഭീഷണിപ്പെടുത്തി എന്നാണ് ജൂപ് പൗലോസ് പറയുന്നത്.