കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പ്; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്; നടന്‍ ജോണിന്റെ അറസ്റ്റ് പോലീസ് വൈകിപ്പിക്കുന്നതായി ആരോപണം

single-img
2 November 2016

 

john-dhanya

ഫ്‌ളാറ്റ് നിര്‍മ്മിച്ച് തരാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതായി ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി എംഎസ് സന്തോഷ് അറിയിച്ചു. അതേസമയം കേസില്‍ പോലീസ് അന്വേഷിക്കുന്ന ചലച്ചിത്രതാരം ജോണ്‍ ജേക്കബ് ഇപ്പോഴും ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്.

ചലച്ചിത്ര നടി ധന്യ മേരി വര്‍ഗ്ഗീസിന്റെ ഭര്‍ത്താവും തട്ടിപ്പ് നടത്തിയ സാംസണ്‍ ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമാണ് ജോണ്‍. ഇയാളുടെ പിതാവും സ്ഥാപനത്തിന്റെ ചെയര്‍മാനുമായ ജേക്കബ് സാംസണിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുപ്പതിലധികം പേര്‍ നല്‍കിയ പരാതിയിലായിരുന്നു പിആര്‍ഡിയിലെ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ജേക്കബ് സാംസണിനെ അറസ്റ്റ് ചെയ്തത്. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തിയതെന്ന് എസിപി വ്യക്തമാക്കി. ഇയാളുടെ മറ്റൊരു മകനും സ്ഥാപനത്തിന്റെ ഡയറക്ടറുമായ സാം ജേക്കബും ഒളിവിലാണ്.

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജോണിനെ സഹായിക്കുന്നതാണ് പോലീസിന്റെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ജേക്കബ് സാംസണിന്റെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നയുടന്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇ വാര്‍ത്തയ്ക്ക് ലഭിച്ച മറുപടി ജോണിന് സ്ഥാപനവുമായി ബന്ധമില്ലെന്നും അതിനാല്‍ കേസില്ലെന്നുമാണ്. എന്നാല്‍ പിന്നീട് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ വെബ്‌പേജില്‍ മാനേജിംഗ് ഡയറക്ടറായി ജോണിന്റെയും ഡയറക്ടറായി സാമിന്റെയും പേരുകള്‍ കണ്ടതോടെ വീണ്ടും സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇരുവരുടെയും പേരില്‍ കേസുണ്ടെന്ന് പോലീസ് സമ്മതിക്കുന്നത്.

ഇന്ന് ക്രൈം ഡിറ്റാച്ച്‌മെന്റുമായി ബന്ധപ്പെട്ടപ്പോഴും ഇരുവരും ഒളിവിലാണെന്ന അലസ മട്ടിലുള്ള പ്രതികരണം മാത്രമാണ് ലഭിച്ചത്. കൂടാതെ ജോണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് അറിയിച്ചു. ഇടപാടുകാര്‍ക്ക് പണം തിരികെ കേസ് ഒത്തുതീര്‍പ്പാക്കാനോ അല്ലെങ്കിലും മുന്‍ ജാമ്യമെടുക്കാനോ ഉള്ള സാവകാശം നല്‍കാനാണ് ജോണിന്റെയും സാമിന്റെയും അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജേക്കബ് സാംസണിന് ഭരണ, ഉദ്യോഗസ്ഥതലത്തിലുള്ള സ്വാധീനവും അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് അറിയുന്നത്.

ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ ഇടപാടുകാരില്‍ നിന്നും 40 കോടിയിലേറെ പിരിച്ചെന്നാണ് ആരോപണം. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റ് ലഭിക്കാതായതോടെയാണ് പണം നല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കിയത്.

കമ്പനിയുടെ സെയില്‍സ് വിഭാഗത്തിന്റെ ചുമതല ജോണിന്റെ ഭാര്യയും ചലച്ചിത്ര നടിയുമായ ധന്യ മേരി വര്‍ഗ്ഗീസിനായിരുന്നു. ധന്യക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.