പെന്‍ഡ്രൈവില്‍ ഭീഷണി; മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാകും

single-img
2 November 2016

court_blast

മലപ്പുറം: മലപ്പുറത്തും കൊല്ലത്തുമുണ്ടായ സ്ഫോടനങ്ങള്‍ തുടര്‍ക്കഥയാവുമെന്ന് ബേസ് മൂവ്മെന്റ് ഭീഷണി. സ്ഫോടനം നടന്ന മലപ്പുറം കലക്ടറേറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെന്‍ഡ്രൈവിലാണ് മുന്നറിയിപ്പ്. മുമ്പ് നടന്ന സ്ഫോടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐജി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത ആവശ്യമാണ്.

മലപ്പുറം കലക്ടറേറ്റിലെത്തി പരിശോധന നടത്തിയശേഷമാണ് ഐജി ഈ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മലപ്പുറം കലക്ടറേറ്റിനോടു ചേര്‍ന്നുള്ള ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ മുറ്റത്താണ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്ന കാറിനു താഴെ വച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിനു സമീപത്തുനിന്നും ‘ദ് ബേസ് മൂവ്മെന്റ്’ എന്നു പേരെഴുതിയ കടലാസു പെട്ടി പൊലീസിനു ലഭിച്ചിരുന്നു. ഇതിനകത്തുനിന്നും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. ഇന്ത്യയുടെ പൂര്‍ണഭൂപടവും ലഘുലേഖയുടെ ഒരുമൂലയിലായി ഒസാമ ബിന്‍ ലാദന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ടായിരുന്നു.

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ ‘ഇന്ത്യന്‍ ഭീകരവാദികള്‍’ ദിവസങ്ങളെണ്ണിക്കൊള്ളുക എന്നു മുന്നറിയിപ്പാണ് ലഘുലേഖയിലുണ്ടായിരുന്നത്.

ആന്ധ്രപ്രദേശിലും കര്‍ണാടകയിലും നടന്ന ചെറുകിട സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്ന സംഘടനയാണ് ‘ദ് ബേസ് മൂവ്‌മെന്റ്’. അതേസമയം, ജൂണ്‍ 15നു കൊല്ലം കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിനു സമാനമാണു മലപ്പുറത്തെ സ്ഫോടനവുമെന്നാണു നിഗമനം.
കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി. ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക. എന്‍ഐഎ ഉദ്യോഗസ്ഥരും അന്വേഷണത്തിനായി മലപ്പുറത്തെത്തി. ഡിവൈഎസ്പി വി.അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് അന്വേഷണത്തിനെത്തിയത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പൊലീസ് സംഘങ്ങളും അന്വേഷണത്തിനെത്തും.