കെഎസ്ഇബിയുടെ സൗകര്യം നോക്കിയുള്ള വൈദ്യുതി വിച്ഛേദിക്കല്‍ വേണ്ട; മുന്‍കൂര്‍ നോട്ടീസ് അയച്ചതിന് ശേഷം മാത്രം വൈദ്യുതി വിച്ഛേദിച്ചാല്‍ മതിയെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം

single-img
2 November 2016

 

kseb_0

കൊച്ചി: ബില്‍ തുക നിശ്ചിത തീയതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ കെഎസ്ഇബിക്ക് ഇനി മുതല്‍ ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കാന്‍ കഴിയില്ല. 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ വൈദ്യുതി വിച്ഛേദിക്കാവൂ എന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.

നിലവില്‍, ബില്ലും വൈദ്യുതി വിച്ഛേദിക്കാനുള്ള മുന്നറിയിപ്പും ഒറ്റ നോട്ടീസായാണ് ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയില്‍ നിന്ന് ലഭിക്കുന്നത്. ബില്‍ ലഭിച്ച് പത്ത് ദിവസത്തിനകം പിഴ ഇല്ലാതെ ബില്‍ അടയ്ക്കാം. 25 ദിവസത്തിനുള്ളില്‍ പിഴയോടു കൂടി ബില്‍ തുക അടച്ചില്ലെങ്കില്‍ അടുത്ത ദിവസം വൈദ്യുതി വിച്ഛേദിക്കും. 2013 ആക്റ്റ് പ്രകാരം വൈദ്യുതി ബില്ലും വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഉപേഭാക്താവിനെ അറിയിക്കണം. കെഎസ്ഇബിയുടെ സൗകര്യം കണക്കിലെടുത്ത് ഇത് ഒറ്റ അറിയിപ്പായിട്ടാണ് നല്‍ക്കുന്നത്. എന്നാല്‍, ഈ നടപടി ഇനി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് സംസ്ഥാന ഉപഭോക്തൃ പ്രശ്ന തര്‍ക്ക ഫോറം ഉത്തരവിട്ടു. അങ്കമാലി സ്വദേശി ജോസഫ് നല്‍കിയ പരാതിയിലാണ് ഫോറത്തിന്റെ ഇടപ്പെടല്‍.

ഫോറത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിനു മുന്‍പ് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ കെഎസ്ഇബിക്ക് ഇനി കണക്ഷന്‍ കട്ട് ചെയ്യാന്‍ കഴിയൂ. ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കളുടെ കാര്യത്തിലും ഇത് ബാധകമാണ്. എന്നാല്‍, ഇതു മൂലം ബില്‍ തുകയില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ചട്ട പ്രകാരം രണ്ട് നോട്ടീസ് നല്‍ക്കുന്നതിന് കൂടുതല്‍ ജീവനക്കാരുടെ ആവശ്യമുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കെഎസ്ഇബി വാദിച്ചു. എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത് ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും കെഎസ്ഇബി ആക്ട് നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ടെന്നും ഉപഭോക്തൃ പ്രശ്ന പരിഹാര ഫോറം വ്യക്തമാക്കി.